കൊല്ലം: അടിച്ചമർത്തപ്പെട്ട തൊഴിലാളിവർഗത്തിനും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി ശബ്ദവുമായെത്തിയ ഇന്ത്യയുടെ സമരത്തെരുവുകളിൽ ജീവൻ പൊലിഞ്ഞ വിപ്ളവകാരി സഫ്ദർ ഹാഷ്മിയുടെ ജീവിതം മോണോ ആക്ടിലൂടെ വേദിയിലെത്തിച്ച് കയ്യടി നേടി തൊഴിൽവകുപ്പിലെ മഞ്ചേരി പ്ലാന്റേഷൻ ഓഫീസറായ കെ.കെ.വിനയൻ. മലപ്പുറം സർക്കാർ കോളേജ് പഠന കേന്ദ്രത്തിലെ മലയാളം ബിരുദ വിദ്യാർത്ഥിയാണ് വിനയൻ. ഡിഗ്രിക്ക് ഇടയിൽ ജോലിക്ക് കയറിയതിനാൽ മുടങ്ങിപ്പോയ പഠനത്തെയും ഒപ്പം തന്റെ ഉള്ളിലെ കലാ വാസനയെയും തിരിച്ചുപിടിക്കുകയാണ് ഈ നാല്പത്തിമൂന്നുകാരൻ. അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും കാലം ഉള്ളിടത്തോളം പൊരുതുന്ന തെരുവുകളും പോരാളികളും ഉണ്ടാകുമെന്ന് ഓർമപ്പെടുത്തിയാണ് മോണോ ആക്ട് അവസാനിക്കുന്നത്. മോണോ ആക്ടിൽ വിനയൻ രണ്ടാം സ്ഥാനം നേടി. ഭരതനാട്യം, നാടോടിനൃത്തം എന്നിവയിലും വിനയൻ മത്സരിച്ചു. മലപ്പുറം സർക്കാർ കോളേജ് ലക്ചററായ വിജയലക്ഷ്മിയാണ് ഭാര്യ. കാശിനാഥ്, ബദരിനാഥ് എന്നിവർ മക്കളാണ്.