dsd
പ്രിയദർശിനി അമ്മ ശ്രീലേഖയ്ക്കൊപ്പം തട്ടുകടയിൽ

കൊല്ലം: അമ്മ നടത്തുന്ന തട്ടുകടയിൽ ജോലിക്കൊപ്പം പഠനം, അതാണ് അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ പ്ലസ്‌ വൺ സയൻസ് വിദ്യാർത്ഥിനി പ്രിയദർശിനിയുടെ (16) ജീവിതവും പ്രതീക്ഷയും.

മുരുന്തൽ തിരുവാതിരയിൽ ശ്രീലേഖ (44) ഒന്നര വർഷം മുമ്പാണ് കടവൂർ ബൈപ്പാസിന് സമീപം തട്ടുകട തുടങ്ങിയത്. രാത്രി 7 മുതൽ 10.30 വരെയാണ് പ്രവർത്തനം. സ്കൂൾ വിട്ടശേഷം മക്കൾ നേരെ തട്ടുകടയിലെത്തും. ഒപ്പം ബാഗിൽ പുസ്തകങ്ങളുമുണ്ടാകും. അമ്മയ്ക്കൊപ്പം ദോശ ചുടുമ്പോഴും ആഹാരം വിളമ്പുമ്പോഴും പാഠഭാഗങ്ങൾ അവർ മനഃപാഠമാക്കും. ചേച്ചിക്കും അമ്മയ്ക്കും കൂട്ടായി ആറാം ക്ലാസുകാരൻ പ്രിയദർശനും ഒപ്പം കൂടും. മക്കൾ സ്കൂളിൽ പോകുമ്പോൾ ശ്രീലേഖ ലോട്ടറി കച്ചവടം നടത്തും. ഈ വരുമാനമാണ് അതിജീവത്തിന്റെ ആശ്രയം. ഭർത്താവ് ഉപേക്ഷിച്ച് പോയശേഷം പലിശയ്ക്ക് പണമെടുത്താണ് തട്ടുകട തുടങ്ങിയത്. ആദ്യം കച്ചവടം മെച്ചമായിരുന്നെങ്കിലും ഇന്ന് സാഹചര്യം അനുകൂലമല്ലെന്ന് ഇവ‌ർ പറയുന്നു.

കിടപ്പാടം ജപ്തി ഭീഷണിയിൽ

 നാല് സെന്റിലുണ്ടായിരുന്ന കിടപ്പാടം ജപ്തി ഭീഷണിയിൽ

 അഞ്ചാലുംമൂട് മുരുന്തൽ സഹകരണ സംഘത്തിൽ ആധാരം പണയം വച്ചാണ് വീടുപണി പൂർത്തിയാക്കിയത്

 അഞ്ച് വർഷം മുമ്പ് ലോൺ പുതുക്കി

 ഭർത്താവിന്റെ അസുഖവും മറ്റും കാരണം അടവ് മുടങ്ങി

 മുതലും പലിശയും ചേർത്ത് തിരിച്ചടവ് ആറരലക്ഷത്തോളം

 ലോൺ പുതുക്കാൻ വീട് ഒറ്റിക്ക് കൊടുത്തു

 ഇപ്പോൾ താമസിക്കുന്നത് അഞ്ചാലുംമൂട് ചന്തയ്ക്ക് സമീപം വാടക വീട്ടിൽ

ഡോക്ടറാകണം

ഡോക്ടറാകണമെന്നാണ് പ്രിയദർശിനിയുടെ ആഗ്രഹം. എസ്.എസ്.എൽ.സിക്ക് എട്ട് എപ്ലസ് നേടി സയൻസ് ബാച്ചിലേക്ക് പ്രവേശനം നേടി. യു ട്യൂബിന്റെ സഹോയത്തോടെയാണ് പഠനം. ഡാൻസിലും പാട്ടിലും മികവ് തെളിയിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചെങ്കിലും സാമ്പത്തികം വില്ലനായി.

ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ഏക പ്രതീക്ഷ മക്കളാണ്. എത്ര കഷ്ടപ്പെട്ടാലും അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കും.

ശ്രീലേഖ

ഡോക്ടറായി സേവനം ചെയ്യാനാണ് ആഗ്രഹം. ഈ ബുദ്ധിമുട്ടൊക്കെ ഒരിക്കൽ മാറും. പഠനവും ജോലിയും പ്രയാസമായി തോന്നിയിട്ടില്ല.

പ്രിയദർശിനി