കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി, ആറുവരിപ്പാത പൂർത്തിയാകുന്ന ഭാഗങ്ങൾ ആറ് മാസത്തിനകം തുറന്നു നൽകും. നിർമ്മാണം വളരെയേറെ മുന്നോട്ടുനീങ്ങിയ സ്ഥലങ്ങൾ വേഗം പൂർത്തിയാക്കാൻ കരാർ കമ്പനികൾക്ക് ദേശീയപാത അതോറിട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. പാലങ്ങളും അടിപ്പാതങ്ങളും ഇല്ലാത്ത സ്ഥലങ്ങളിലെ ഭാഗമാകും തുറക്കുക.

വാഹനങ്ങൾക്ക് സർവ്വീസ് റോഡിൽ നിന്നു സുഗമമായി ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനും കഴിയുന്ന സ്ഥലങ്ങൾ ഗതാഗത പഠനത്തിലൂടെ സ്ഥിരീകരിച്ച ശേഷമാകും തുറക്കുന്നത്. വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ നീക്കാത്തതിനാൽ പലേടത്തും ആറുവരിപ്പാത നിർമ്മാണം പ്രതിസന്ധിയിലാണ്. ചുരുക്കം സ്ഥലങ്ങളിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുമുണ്ട്. ഇവിടങ്ങളിൽ പരിഹാരമുണ്ടാക്കാൻ ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും.

രണ്ട് റീച്ചുകളിലായി ജില്ലയിലെ ദേശീയപാത വികസനം 43.5 ശതമാനം പിന്നിട്ടു. കൊറ്റുകുളങ്ങര- കാവനാട് റീച്ചിൽ 45 ശതമാനവും കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ 42 ശതമാനവും പിന്നിട്ടു. കൊറ്റുകുളങ്ങര കാവനാട് റീച്ചിൽ ടാറിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും അടിപ്പാതകളുടെയും പാലങ്ങളുടെയും നിർമ്മാണം ഏറെ മുന്നോട്ടു നീങ്ങിയിട്ടുണ്ട്. ടാർ പ്ലാന്റ് സ്ഥാപിക്കാൻ സ്ഥലം ലഭിക്കാത്തതാണ് ഇവിടത്തെ പ്രതിസന്ധി. സർക്കാർ അനുവദിച്ചൻ ചവറ കെ.എം.എം.എല്ലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തന്നെ പ്ലാന്റ് സ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്.

അതിവേഗം ടാറിംഗ്

മാർച്ചിൽ എഴ് കിലോ മീറ്റർ ദൂരത്തിൽ ആറുവരിപ്പാതയുടെ ടാറിംഗ് പൂർത്തിയാക്കാനാണ് ആലോചന. കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ ടാറിംഗ് അതിവേഗം നീങ്ങുന്നുണ്ടെങ്കിലും അടിപ്പാതകൾ, ഫ്ലൈ ഓവർ, പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ കാര്യമായ പുരോഗതിയില്ല.

കാവനാട്- കടമ്പാട്ടുകോണം റീച്ചിന്റെ കരാർ കാലാവധി അടുത്ത ഫെബ്രുവരി വരെയും കൊറ്റുകുളങ്ങര- കാവനാട് റീച്ച് 2025 ഒക്ടോബർ വരെയും നീട്ടി നൽകിയിട്ടുണ്ട്.

നിർമ്മാണ പുരോഗതി, കരാർ കാലാവധി

ഓച്ചിറ- കാവനാട്: 42%, 2025 ഫെബ്രുവരി

കാവനാട്- കടമ്പാട്ടുകോണം: 45%, 2025 ഒക്ടോബർ