വേണ്ടത്ര ലൈഫ് ഗാർഡുകളി​ല്ലാതെ ബീച്ചുകൾ

കൊല്ലം: ജില്ലയിലെ ബീച്ചുകളിൽ സന്ദർശകരുടെ തിരക്ക് പ്രതിദിനം കൂടുമ്പോഴും, ഇവരുടെ സുരക്ഷയ്ക്ക് വേണ്ടത്ര ലൈഫ് ഗാർഡുമാരെ നിയോഗിക്കാതെ അധികൃതർ. കൊല്ലം, അഴീക്കൽ ബീച്ചുകളിലായി ആകെ 9 ലൈഫ് ഗാർഡുമാരാണുള്ളത്. തിരുമുല്ലാവാരത്തെ ലൈഫ് ഗാർഡിനെ പിൻവലിച്ചു. താന്നി ബീച്ചിൽ അപകട സാദ്ധ്യത ഉണ്ടായിട്ടും ഇതുവരെ ഗാർഡിനെ നിയമിച്ചിട്ടില്ല.

കൊല്ലം, അഴീക്കൽ ബീച്ചുകളിൽ പ്രതിദിനം 5000ൽ അധികം സന്ദർശകർ എത്തുന്നുണ്ടെന്നാണ് കണക്ക്. സീസൺ ആരംഭിക്കുന്നതോടെ ഇത് ഇരട്ടിയാകും. ഒരു സമയം നാല് ലൈഫ് ഗാർഡുകളെങ്കിലും വേണ്ട അഴീക്കൽ ബീച്ചിൽ ഒരാൾ മാത്രം. രണ്ട് കിലോമീറ്രറോളം നീളമുള്ള കൊല്ലം ബീച്ചിൽ നാല് ഗാർഡുമാരാണുള്ളത്. കുറഞ്ഞത് 10 പേരെങ്കിലും ഇവിടെ സദാസമയം കാണേണ്ടതാണ്. ബീച്ചിന്റെ പ്രധാന ഭാഗത്തായിരിക്കും ഇവർ നിൽക്കുന്നത്. ആളെണ്ണം കുറവായതിനാൽ എല്ലായിടവും നോക്കാൻ ഇവർക്ക് സാധിക്കില്ല. പലപ്പോഴും ബീച്ച് പരിധിയിൽ നിന്ന് മാറി ആളുകൾ കടലിലിറങ്ങുന്നതും അപകടം വർദ്ധിപ്പിക്കുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയാണ് ലൈഫ് ഗാർഡുകളുടെ ഡ്യൂട്ടി സമയം.

ആധുനിക സുരക്ഷ ഉപകരണങ്ങളുടെ അഭാവവും ലൈഫ് ഗാർഡുകളെ വലയ്ക്കുന്നു. അഴീക്കലിൽ ആകെയുള്ള റെസ്ക്യു ട്യൂബിന് രണ്ട് വർഷത്തിനുമേൽ പഴക്കമുണ്ട്. ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ടവറും ബീച്ചിൽ നിർമ്മിച്ചിട്ടില്ല. സമീപത്തെ കടകളിലാണ് ഇവ കയറ്റി​ വച്ചി​രി​ക്കുന്നത്. അപായസൂചന ബോർഡുകളും ഇല്ല. ബീച്ച് പരിധി നിശ്ചയിക്കാനും അധികൃതർ തയ്യാറായിട്ടില്ല.

വല്ലാത്ത ഗതി​കേട്

കൊല്ലത്ത് റെസ്ക്യൂ ടൂബ്, ലൈഫ്ബോയ എന്നിവയുണ്ടെങ്കിലും കാലപ്പഴക്കം മൂലം ഉപയോഗ ശൂന്യമായ സ്ഥിതിയിലാണ്. ലക്ഷക്കണക്കിന് രൂപ വരുന്ന രക്ഷാഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ടവർ പൊളിഞ്ഞ നിലയിലുമാണ്. കൊല്ലത്ത് ഉണ്ടായിരുന്ന ഫസ്റ്റ് എയിഡ് ബോക്സ് കാലിയായി​. സെർച്ച് ലൈറ്റ്, ഡിങ്കിബോട്ട്, വാക്കിടോക്കി, വാട്ടർസ്കൂട്ടർ, സ്പീഡ് ബോട്ട് ഇവയൊന്നും ജി​ല്ലയി​ലെ ബീച്ചുകളിൽ ഇല്ല. വിനോദ സഞ്ചാരികൾക്ക് അപകട മുന്നറിയിപ്പ് നൽകാനുള്ള അലാറവുമി​ല്ല. സന്ദർശകർ തിരയിൽ പെട്ട് ഏറെ ദൂരം പോയാൽ അത്രയും നീന്തിയാണ് ഗാർഡുമാർ ഇവരെ രക്ഷിക്കുന്നത്.

ബീച്ചുകളി​ലെ സുരക്ഷയ്ക്ക്

ആവശ്യത്തിന് ലൈഫ്ഗാർഡുമാരെ നിയമിക്കണം

തിരക്ക് കൂടുമ്പോൾ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം

 കാലപ്പഴക്കമുള്ള രക്ഷാഉപകരണങ്ങൾ മാറ്രി പുതിയത് നൽകണം

 ബീച്ചിന്റെ ദൂരപരിധി നിശ്ചയിക്കണം

ഡിങ്കിബോട്ട്, വാക്കിടോക്കി, വാട്ടർസ്കൂട്ടർ, സ്പീഡ് ബോട്ട് എന്നി​വ അനി​വാര്യം

 ഫസ്റ്റ് എയ്ഡ് ബോക്സ് സൗകര്യം ഉറപ്പാക്കണം

ആവശ്യങ്ങൾ നിരവധി തവണ കളക്ടറെയും ബന്ധപ്പെട്ട വകുപ്പിനെയും അറിയിച്ചതാണ്. അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ അപകടം വർദ്ധിക്കാനുള്ള സാദ്ധ്യത കൂട്ടും

ലൈഫ് ഗാർഡുമാർ