കൊല്ലം: കളിയാക്കലുകളെയും മാറ്റിനിറുത്തലുകളെയും ഇച്ഛാശക്തികൊണ്ട് മറികടന്ന് പ്രഥമ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടി ട്രാൻസ് വുമണായ സി.എ.സ്നേഹ സെബാസ്റ്റ്യൻ.
എറണാകുളം മഹാരാജാസ് കോളേജിലെ ലേണേഴ്‌സ് സപ്പോർട്ട് സെന്ററിനെ പ്രതിനിധീകരിച്ചാണ് സ്നേഹ നാല് മത്സരങ്ങളിൽ പങ്കെടുത്തത്. നാടോടി നൃത്തം, തമിഴ് പദ്യം ചൊല്ലൽ, മോണോ ആക്ട്, പ്രച്ഛന്ന വേഷം എന്നീ ഇനങ്ങളിലാണ് സമ്മാനം നേടിയത്.
'ജീവിതത്തിൽ പ്രതിസന്ധികളും ദുരനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ തങ്ങളെ പോലെയുള്ള കുട്ടികൾക്കും തുടർ വിദ്യാഭാസവും ഉന്നത വിദ്യാഭ്യാസവും നേടാൻ സാധിക്കുന്നത് വളരെയധികം സന്തോഷം നൽകുന്നുവെന്ന് സ്നേഹ പറഞ്ഞു. സുഹൃത്തായ മുകേഷിന്റെയും നൃത്താദ്ധ്യാപകനായ ബാദുഷ സുൽത്താന്റെയും പ്രോത്സാഹനമാണ് മത്സരിക്കാനുണ്ടായ പ്രചോദനം.