കൊല്ലം : പുനലൂർ - ചെങ്കോട്ട റെയിൽ പാതയിലെ ട്രെയിനുകളിൽ 24 ഐ.സി.എച്ച് കോച്ചുകളും 22 എൽ.എച്ച്.ബി കോച്ചുകളും ഓടിക്കാനുളള സാങ്കേതികാനുമതി റയിൽവേ ബോർഡ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു.
മലനിരകൾ നിറഞ്ഞ പുനലൂർ - ചെങ്കോട്ട പാതയിലൂടെ ഓടിയിരുന്ന ട്രെയിനുകളിൽ 14 കോച്ചുകളാണ് ഉണ്ടായിരുന്നത്. ഭൂപ്രകൃതിയുടെ സവിശേഷത കണക്കിലെടുത്ത് റയിൽവേപാതയുടെ നിർമ്മാണം ക്രമീകരിച്ച് കൂടുതൽ കോച്ചുകൾ ഓടിക്കാനുള്ള ശാസ്ത്രീയ പഠനം നടത്തണമെന്ന് എം.പി നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സാങ്കേതിക പഠനത്തിന് ലക്നൗ കേന്ദ്രമായ റിസർച്ച് ഡിസൈൻ ആൻഡ് ഓർഗനൈസഷേനെ (ആർ.ഡി.എസ്.ഒ) റെയിൽവേ ചുമതലപ്പെടുത്തിയത്. ജനുവരിയിൽ ആർ.ഡി.എസ്.ഒ പുനലൂർ -ചെങ്കോട്ട പാതിയിലൂടെ ഓടിക്കാവുന്ന കോച്ചുകളുടെ എണ്ണത്തെ സംബന്ധിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിൽ ഐ.സി.എഫ് കോച്ചുകൾ 24 വരെയും എൽ.എച്ച്.ബി കോച്ചുകൾ 22 വരെയും ഘടിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തി. ആർ.ഡി.എസ്.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ ബോർഡ് സാങ്കേതികാനുമതി നൽകിയത്.
പ്ലാറ്റ്ഫോം ദീർഘിപ്പിക്കുന്നത് വരെ 18
പാതയിലെ പ്ലാറ്റ്ഫോമുകളുടെ നീളം നിലവിൽ 18 ബോഗികൾ മാത്രം ഉൾക്കൊള്ളാൻ കഴിയുന്നതാണ്. പ്ലാറ്റ്ഫോമുകളുടെ നീളം വർദ്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയാകുന്നതുവരെ ട്രെയിനുകളിൽ 18 കോച്ചുകളാകും പരമാവധി ഘടിപ്പിക്കാൻ കഴിയുന്നത്.
റെയിൽവേ ബോർഡ് സാങ്കേതികാനുമതി നൽകിയ പശ്ചാത്തലത്തിൽ ചെങ്കോട്ട പാതയിലെ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കണം.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
ചെന്നൈ എക്സ്പ്രസിന് തെന്മലയിൽ സ്റ്റോപ്പ്
ചെന്നൈ - എഗ്മോർ കൊല്ലം എക്സ്പ്രസ് ട്രെയിനവ് തെന്മലിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു.