ശാസ്താംകോട്ട: കാരാളിമുക്ക് - ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിന്റെ വശങ്ങൾ മാലിന്യക്കുപ്പയാകുന്നു. റോഡിന്റെ വശങ്ങളിൽ വൻ തോതിലാണ് മാലിന്യം തള്ളുന്നത്. മാലിന്യത്തിൽ ചവിട്ടാതെ യാത്രക്കാർക്ക് ഒരടി മുന്നോട്ട് വയ്ക്കാനാവില്ല. റോഡിന്റെ വശങ്ങളിലെ വയലുകളിൽ കക്കൂസ് മാലിന്യം തള്ളുന്നതും പതിവാണ്. അറവുമാലിന്യവും ഹോട്ടൽ മാലിന്യവും ചാക്കിലാക്കി റോഡിന്റെ വശങ്ങളിൽ വലിച്ചെറിയുന്നുമുണ്ട്. മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ റോഡിലൂടെ മൂക്കുപൊത്താതെ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
തെരുവു നായ ശല്യം രൂക്ഷം
മാലിന്യങ്ങൾ കൂടിയതോടെ പരിസര പ്രദേശങ്ങളിൽ തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പടെ നൂറുകണക്കിന് യാത്രക്കാർ ദിവസേന റെയിൽവേ സ്റ്റേഷനിലെത്താൻ ആശ്രയിക്കുന്ന റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നിരീക്ഷണ കാമറ ഇല്ല , തൂൺ മാത്രം
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി പ്രഹസനമായെന്ന് നാട്ടുകാരുടെ പരാതി. കാമറകൾ സ്ഥാപിക്കുന്നതിനായി തൂണുകൾ സ്ഥാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഏഴു പഞ്ചായത്തുകളിലെ 35 കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി കഴിഞ്ഞ ഭരണ സമിതിയുടെ അവസാന നാളുകളിൽ ഉദ്ഘാടനം ചെയ്തെങ്കിലും തുടർ നടപടികളുണ്ടായില്ല.