
കൊല്ലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികൾ പൊലീസ് പിടിയിലായി. കൊല്ലം പെരിനാട് പുന്നപ്പുറത്ത് വീട്ടിൽ സുധീഷ് (39), കരുനാഗപ്പള്ളി മാരാരിത്തോട്ടത്തിൽ കൊച്ചുമാടത്തിൽ കിഴക്കതിൽ ബിബി ബേബി (23), കല്ലേലിഭാഗം ദൃശ്യനിവാസിൽ ദിനേഷ് മകൻ ദിൽജിത്ത് (29) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 29 ന് ആയിരുന്നു സംഭവം. മാരാരിത്തോട്ടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ മാരാരിത്തോട്ടം സ്വദേശി പ്രമോദിനെ പ്രതികളടങ്ങിയ സംഘം മുളവടി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മുഖ്യ പ്രതികളായ മൂന്നുപേർ നേരത്തെ പൊലീസ് പിടിയിലായിരുന്നു, കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിജു, വിശാഖ്, ഷാജിമോൻ എ.എസ്.ഐ എസ്. തമ്പി, സി.പി.ഒമാരായ ഹാഷിം, രാജീവ്, സജീർ എന്നിവരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്.