
കൊല്ലം: ജില്ലയെ കൊളാഷിൽ ഒപ്പിയെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി അമീന കടയ്ക്കൽ. 'ഞാൻ കണ്ട കൊല്ലം' എന്നതായിരുന്നു വിഷയം. തങ്കശേരി, ചിന്നക്കട ക്ലോക്ക് ടവർ, ജടായു എർത്ത് സെന്റർ, ഹൗസ് ബോട്ട്, കരിമീൻ, അഷ്ടമുടി കായൽ എന്നിവയായിരുന്നു കൊളാഷിൽ ഉണ്ടായിരുന്നത്. കാർട്ടൂണിനും ഒന്നാം സ്ഥാനം ലഭിച്ചു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.
ജീവിതത്തിലെ ഇല്ലായ്മകളെ തുടർന്ന് മാറ്റിവയ്‌ക്കേണ്ടിവന്ന കലാജീവിതം ജോലികിട്ടിയ ശേഷമായിരുന്നു അമീന പൊടിതട്ടിയെടുത്തത്. 2023, 2024 വർഷങ്ങളിലെ അദ്ധ്യാപക കലോത്സവത്തിൽ തുടർച്ചയായി കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ഇതിനോടകം പത്തോളം എക്‌സിബിഷനുകളിൽ അമീന കാർട്ടൂണുകൾ പ്രദർശിപ്പിച്ചു. റെഡ് ക്രോസിന്റെ ചടയമംഗലം ഉപജില്ലയുടെ കൺവീനർ കൂടിയായ അമീന ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. കടയ്ക്കൽ ജി.വി എച്ച്.എസ്.എസിലെ കലാദ്ധ്യാപിക കൂടിയാണ് അമീന.