അഞ്ചൽ: കുറച്ച് ദിവസമായി അഞ്ചൽ ടൗണിൽ കൂടി കെ.എസ്.ആർ.ടി ബസുകൾ കടന്നുപോകാത്തത് യാത്രക്കാരെ വലയ്ക്കുന്നു. അഞ്ചൽ -പുനലൂർ റോഡിൽ സെന്റ് ജോർജ്ജ് സ്കൂളിന് സമീപം നിലവിലുള്ള ചെറിയ പാലം പുന:നി‌ർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവഴി അഞ്ചലിലേക്കും തിരിച്ചുമുള്ള ഗതാഗതം നിറുത്തിവച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ നിന്നും കിഴക്കൻ മേഖലകളിൽ നിന്നും പുനലൂർ വഴി വുരുന്ന വാഹനങ്ങൾ ഇപ്പോൾ അഞ്ചൽ ബൈപ്പാസിലൂടെ കടന്ന് കുരിശിൻമൂട് വഴി കടന്നുപോവുകയാണ്. അഞ്ചൽ ആർ.ഒ ജംഗ്ഷനിലോ മാർക്കറ്റ് ജംഗ്ഷിനിലോ, ബസ് സ്റ്റാൻഡിലോ ഇപ്പോൾ ട്രാൻസ്പോർട്ട് ബസുകൾ കയറാറില്ല.

തിരക്കേറിയ നഗരം

കുളത്തൂപ്പുഴ, ചണ്ണപ്പേട്ട, ഏരൂർ. വിളുക്കുപാറ, ആലഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വരുന്ന തിരുവനന്തപുരത്തേയ്ക്കും കൊല്ലത്തേയ്ക്കും പോകേണ്ട നൂറുകണക്കിന് ആളുകളാണ് ട്രാൻസ്പോർട്ട് ബസുകൾ ഇല്ലാത്തതിനാൽ കഷ്ടപ്പെടുന്നത് ചില പ്രൈവറ്റ് ബസുകളും കൊല്ലം-കുളത്തൂപ്പുഴ വേണാട് ബസും മാത്രമാണ് ഇപ്പോൾ ടൗണിലൂടെ കടന്ന് പോകുന്നത്. നിരവധി സർക്കാർ ഓഫീസുകളും കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർക്കറ്റും, ഫാക്ടറികളും ഒക്കെ സ്ഥിതിചെയ്യുന്ന അഞ്ചൽ മേഖലയിൽ ആയിരക്കണക്കിന് ആളുകളാണ് ദിനം പ്രതി വന്നുപോകുന്നത്.

എം.എൽ.എ ഇടപെടണം

പുനലൂർ ഭാഗത്തുനിന്ന് വരുന്ന ട്രാൻസ്പോർട്ട് ബസുകൾ അഗസ്ത്യക്കോട് -അമ്പലംമുക്ക് -ആലഞ്ചേരി വഴി അഞ്ചലിലേക്ക് കടത്തിവിട്ടാൽ യാത്രാക്ലേശത്തിന് പരിഹാരം കണ്ടെത്താൻ കഴിയും. എന്നാൽ ഈ കാര്യത്തിൽ ട്രാൻസ്പോർട്ട് അധികൃതരും നിസംഗത പുലർത്തുകയാണ്. പ്രശ്നം നാട്ടുകാർ സ്ഥലം എം.എൽ.എ പി.എസ്. സുപാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാ‌ർ.

അ‌ഞ്ചൽ ആ‌‌ർ.ഒ ജംഗ്ഷൻ വഴി എല്ലാ ട്രാൻസ്പോർട്ട് ബസുകളും കടത്തിവിടുന്നതിന് അടിയന്തര നടപടിവേണം. വിദ്യാർത്ഥികൾ, ചികിത്സയ്ക്ക് പോകുന്നവർ, സർക്കാർ ജീവനക്കാർ ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നത്. യാത്രക്കാർ കഷ്ടപ്പെടുകയാണ്. അടിയന്തര പരിഹാരം ഉണ്ടാകണം.

ബി. വേണുഗോപാൽ (മുൻ പ്രസിഡന്റ് വിശ്വകർമ്മ സർവീസ് സൊസൈറ്റി, പനച്ചവിള യൂണിറ്റ്)