കൊല്ലം: പഠിക്കാനും മത്സരത്തിൽ പങ്കെടുക്കാനും പ്രായമൊരു ഘടകമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നെത്തിയ വിദ്യാർത്ഥികൾ. ശ്രീനാരായണഗുരു ഓപ്പൺ യൂണി. കലോത്സവത്തിൽ ഒന്നാം വേദിയായ ജയൻ നഗറിൽ നടന്ന വഞ്ചിപ്പാട്ട് മത്സരത്തിലാണ് അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ ഉൾപ്പെട്ട ടീം മത്സരിച്ചത്.
ടീം ക്യാപ്ടനായ കെ.കെ.അലക്‌സാണ്ടറിന് വയസ് 70 കഴിഞ്ഞു. പ്രവാസ ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം യൂണിവേഴ്‌സിറ്റിയിൽ എം.എ മലയാളം കോഴ്‌സിന് ചേരുകയായിരുന്നു. മുത്തൂറ്റ് ഫിനാൻസിൽ നിന്ന് വിരമിച്ച എ.തോമസ് കുട്ടി, കൊട്ടാരക്കര ഡയറ്റിലെ സീനിയർ ലക്ചറർ ഗോപകുമാർ, എം.ജി യൂണിവേസ്‌ഴ്‌സിറ്റിയിലെ അസി. രജിസ്ട്രാർ ആയി വിരമിച്ച സുധാകരൻ പിള്ള, സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്ന അശോക് കുമാർ, ഫാത്തിമ മാത നാഷണൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ എം.ആർ.ഷെല്ലി, ഷുഹൈബ്, അജിത്ത് ലാൽ എന്നിവരായിരുന്നു ടീനംഗങ്ങൾ.