knb-2

കൊല്ലം: ശ്രീ​നാ​രാ​യ​ണഗുരു ഓ​പ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരം കൊല്ലത്ത് തന്നെ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാ​ക്കു​മെന്നും യൂണിവേഴ്സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും സർക്കാർ പൂർണ പിന്തുണ നൽ​കുമെന്നും മന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ. പ്ര​ഥ​മ ഓ​പ്പൺ യൂണി.​ ക​ലോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന സ​മ്മേള​നം ഉ​ദ്​ഘാട​നം ചെയ്യുക​യാ​യി​രു​ന്നു മ​ന്ത്രി. പ്രഥമ കലോത്സവം വൻ വിജയമായെന്നും കായികോത്സവം ന​ട​ത്തു​മെ​ന്നും മന്ത്രി പറഞ്ഞു.

ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിലെ കലോത്സവ വേദിയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി.എം.മുബാറക് പാഷ അ​ദ്ധ്യ​ക്ഷത വഹിച്ചു. ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ്ചന്ദ്രൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എം.ജയപ്രകാശ്, കെ.അനുശ്രീ, ഹെഡ് ഒഫ് സ്​കൂൾ ഡോ.വിൻസെന്റ് ബി.നെറ്റോ, സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ. ബിജു കെ.മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.ഗ്രേഷ്യസ് ജെയിംസ് എന്നിവർ സംസാരിച്ചു.

മ​ഹാ​രാ​ജാ​സിന് ഓ​വ​റാൾ കിരീടം

137 പോ​യിന്റു​മായി എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് പഠ​ന​കേന്ദ്രം ഓ​വ​റാൾ ചാ​മ്പ്യ​ന്മാ​രാ​യി. 82 പോയിന്റോടെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് രണ്ടാം സ്ഥാനത്തെത്തി. പങ്കെടുത്ത എല്ലായിനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി 20 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളേജ് പഠനകേന്ദ്രത്തിലെ സി.എ.സ്‌നേഹ സെബാസ്റ്റ്യൻ കലാരത്‌നം സ്വന്തമാക്കി.

18 പോയിന്റുമായി കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് പഠനകേന്ദ്രത്തിലെ ദേവിക ജയദാസാണ് കലാതിലകം. 14 പോയിന്റുമായി കോട്ടയം നാട്ടകം ഗവ. കോളേജ് പഠനകേന്ദ്രത്തിലെ ടി.പി.രാജീവ്​ കലാപ്രതിഭയായി. കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ് പഠനകേന്ദ്രത്തിലെ എ.സുരേഷും 14 പോയിന്റുകൾ നേടിയെങ്കിലും നറുക്കിൽ ടി.പി.രാജീവിനെ ഭാഗ്യം തുണയ്ക്കുകയായിരുന്നു.