കുളത്തൂപ്പുഴ: റോഡിന് കുറുകെ ചാടിയ മ്ലാവിനു മുന്നിൽ അകപ്പെട്ട ബൈക്ക് യാത്രികരായ യുവാവിനും മാതാവിനും ഗുരുതര പരിക്ക്. കുളത്തൂപ്പുഴ കുമരംകരിക്കം റോസ് വില്ലയിൽ അജിൻ റോയി(25), മാതാവ് ഷീബ എന്നിവർക്കാണ് പരിക്കേറ്റത്. ചോഴിയക്കോട് ആനക്കുളം പാതയിൽ തകരമണ്ണിന് സമീപമായിരുന്നു അപകടം. കഴിഞ്ഞദിവസം എട്ടുമണിയോടുകൂടി പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് ഇരുവരും തകരമണ്ണിലെ കുടുംബ വീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്. വനപാതയിലെ യാത്രക്കിടയിൽ മ്ലാവ് പെട്ടെന്ന് വാഹനത്തിന്റെ മുന്നിൽ ചാടുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിലും തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇടുപ്പെല്ലിന് സാരമായ പരിക്കേറ്റ അജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.