രണ്ട് വാർഡുകളിൽ രണ്ട് മാസമായി വെള്ളമില്ല
പരവൂർ: പരവൂർ നഗരസഭയിലെ 29, 30 വാർഡുകളിൽപ്പെട്ട ആലുവിളമുക്ക്, മൂകാംബിക സ്‌റ്റോർ ജംഗ്‌ഷൻ എന്നിവിടങ്ങളിൽ ഗാർഹിക കുടിവെള്ള കണക്ഷനുകളിൽ കഴിഞ്ഞ രണ്ട് മാസമായി വെള്ളമെത്താത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ഇടയ്ക്ക് വല്ലപ്പൊഴും വെള്ളമെത്തിയിരുന്നെങ്കിലും വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.
രണ്ട് വാർഡുകളിലായി ഏകേദശം 300 കണക്ഷനുകളാണ് ജപ്പാൻ കുടിവെള്ള പദ്ധതി പ്രകാരമുള്ളത്. കല്ലടയാറ്റിൽ നിന്നുള്ള വെള്ളമാണ് പദ്ധതി പ്രകാരം ശുചീകരിച്ചെത്തിക്കുന്നത്. പൈപ്പുകളിൽ വെള്ളമെത്താതായതോടെ കുടിവെള്ളം, ഗാർഹികവൃത്തി, കന്നുകാലി പരിപാലനം തുടങ്ങിയവ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
അറ്റകുറ്റപ്പണി നീണ്ടുപോയി
സമീപത്തെ ജലസംഭരണിയിലുണ്ടായ അറ്രകുറ്റ പണികൾ നീണ്ടു പോയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വിശദീകരണം. ഇപ്പോൾ ടാങ്കിൽ നിന്നുള്ള പമ്പിംഗിന് പകരം ലൈനിലേക്ക് വെള്ളം നേരിട്ടു കടത്തി വിടുകയാണ് ചെയ്യുന്നത്. ഇത് മൂലം വെള്ളത്തിന്റെ മർദ്ദം കുറയുന്നു. ഇതിനാലാണ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തുന്നത് കുറയാൻ കാരണം. ലൈനിലൂടെ നേരിട്ടു വലിയ അളവിൽ വെള്ളം കടത്തി വിട്ടാൽ പൈപ്പുകൾ പൊട്ടാനും സാദ്ധ്യതയുണ്ട്.
മുടക്കം കൂടാതെ കിട്ടിയിരുന്ന വെള്ളം തടസപ്പെട്ട അവസരത്തിൽ തന്നെ ഉപഭോക്താക്കൾ പരാതിപ്പെട്ടെങ്കിലും വാട്ടർ അതോറിട്ടി ഗൗരവത്തിലെടുത്തില്ല. വല്ലപ്പോഴും ലഭിക്കുന്നതാകട്ടെ നൂൽവണ്ണത്തിലാണ്. ടാങ്കിലെ ചോർച്ച പരിഹരിക്കുന്നത് വരെ ജലസംഭരണിയിൽ നിന്ന് പമ്പിംഗ് ഉണ്ടാകില്ലെന്ന് അധികൃതർ രഹസ്യമായി സമ്മതിക്കുന്നു.വരൾച്ച മുന്നിൽ കണ്ടു നേരത്തെ തന്നെ പ്രശ്‌നം പരിഹരിക്കണമായിരുന്നു. അധികൃതർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാർ.
ഗോപാലകൃഷ്‌ണ കുറുപ്പ്
കേരള കൗമുദി
പരവൂർ ഏജന്റ്.
താഴ്‌ന്ന ഇടങ്ങളിൽ നേരത്തേത് പോലെ വെള്ളം എത്തുന്നുണ്ട്. ഇത് അപൂർവ്വം ചിലരെങ്കിലും ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. ജലസംഭരണിയുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി മറ്റിടങ്ങളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും
ജല അതോറിട്ടി അധികൃതർ