കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ മത്സ്യബന്ധന മേഖല വറുതിയിൽ. മത്സ്യത്തൊഴിലാളികൾ മാത്രം തിങ്ങിപ്പാർക്കുന്ന പ്രദേശം പൂർണമായും പട്ടിണിയുടെ പിടിയിലാണ്. കഴിഞ്ഞ ഒക്ടോബർ മുതൽ പുലർച്ചെ കടലിലേക്ക് തള്ളുന്ന വള്ളങ്ങൾ എല്ലാ പ്രതീക്ഷകളും തകർത്ത് കാലിയായിട്ടാണ് തിരികെ എത്തുന്നത്. വള്ളത്തിനുള്ള ഇന്ധനച്ചെലവ് പോലും ലഭിക്കാറില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കലാവസ്ഥാ വ്യതിയാനത്താൽ തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
തൊഴിലാളികൾ പട്ടിണിയിൽ
കായംകുളം മത്സ്യബന്ധന തുറമുഖത്തിൽ 300 ഓളം വള്ളങ്ങളും 50 ഓളം ബോട്ടുകളും വറുതിക്ക് മുമ്പ് മത്സ്യബന്ധനത്തിന് ശേഷം അടുക്കാറുണ്ടായിരുന്നു. പണിക്കർകടവ്, കുഴിത്തുറ, അഴീക്കൽ, ആറാട്ടുപുഴ, തോട്ടപ്പള്ളി, ദേവികുളങ്ങര എന്നീ ഭാഗത്തു നിന്നുള്ള ബോട്ടുകളാണ് തുറമുഖത്ത് പണിക്ക് എത്തിയിരുന്നത്. ഇതുപോലെ തന്നെ ചെറുതും വലുതുമായ 300 ഓളം വള്ളങ്ങളും കായംകുളം തുറമുഖം കേന്ദ്രീകരിച്ച് പണി എടുത്തിരുന്നു. ഒരു വള്ളത്തിൽ 50 ഓളം തൊഴിലാളികളും ബോട്ട് ഒന്നിന് 13 തൊഴിലാളികളും ഉണ്ടായിരുന്നു. ഹാർബറിൽ 350 ഓളം അംഗീകൃത തൊഴിലാളികളും 200 ഓളം അനുബന്ധ തൊഴിലാളികളും ജോലി ചെയ്തിരുന്നു. ഇന്ന് അവരെല്ലാം പട്ടിണിയുടെ വക്കിലാണ്.
വേനൽ മഴ പെയ്തിരുന്നെങ്കിൽ...
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ 15 കിലോമീറ്റിനുള്ളിലാണ് മത്സ്യബന്ധനം നടത്തുന്നത്. പുലർച്ചെ കടലിൽ പോയി ഉച്ചക്ക് 12ന് മുമ്പ് ഹാർബറിൽ എത്തുന്ന വള്ളത്തിന് ഇന്ധനച്ചെലവും തൊഴിലാളികളുടെ ബാറ്റയും ഉൾപ്പെടെ 60000 രൂപാ ചെലവ് വരും. ചെലവ് കഴിച്ച് ലഭിക്കുന്ന തുകയുടെ 60 ശതമാനം തൊഴിലാളികൾക്കും 40 ശതമാനം വള്ളത്തിന്റെ ഉടമകൾക്കുമാണ്. അശാസ്ത്രീയമായ മത്സ്യബന്ധനവും കാലാവസ്ഥ വ്യതിയാനവുമാണ് ഇപ്പോഴത്തെ വറുതിക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിൽ വേനൽ മഴ പെയ്തിരുന്നെങ്കിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്തി, അയില, കിളിമീൻ, ചെങ്കലവ, ചെമ്മീൻ തുടങ്ങിയവ ലഭിക്കുമായിരുന്നു.
പരമ്പരാഗത മത്സ്യബന്ധനം ഉൾപ്പെടെയുള്ള എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. ലൈറ്റുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തണം. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളിൽ പോയി ചെറു മത്സ്യങ്ങലെ അരിച്ച് പെറുക്കുന്നതിനെതിരെയുള്ള പരിശോധന കർക്കശമാക്കണം. സർക്കാരിൽ നിന്ന് തൊഴിലാളികൾക്ക് നൽകാനുള്ള ക്ഷേമാനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണം.ഡി.പ്രസാദ്, മത്സ്യത്തൊഴിലാളി