പുന്നല: പുലിയുടെ സാന്നിദ്ധ്യം സംശയിക്കുന്ന പുന്നലയിൽ കാമറകൾ സ്ഥാപിച്ചു. പൂർണ വളർച്ചയെത്തിയ ആട്ടിൻകുട്ടി കൊല്ലപ്പെട്ട ആനകുളം പ്ലാത്തറവീട്ടിൽ ജോർജ്ജ് കുട്ടിയുടെ പുരയിടത്തിലാണ് കഴിഞ്ഞ ദിവസം നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ഏകദേശം 25 കിലോ തൂക്കമുള്ള ആടാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആടിനെ കയറിൽ കെട്ടിയതിനാൽ ഒരു കാൽ പൂർണമായും കടിച്ചെടുത്തു കൊണ്ടു പോയി. ചോര വാർന്നാണ് ആട് ചത്തത്.

ആടിന്റെ ജഡം വനപാലകരുടെ സാന്നിധ്യത്തിൽ വെറ്ററിനറി ഡോക്‌ടർമാർ പോസ്‌റ്റ്‌മോർട്ടം നടത്തി .വിശദമായ റിപ്പോർട്ട് ലഭിച്ചില്ലെങ്കിലും പുലിയുടെ ആക്രമണമാണെന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. കാൽപ്പാടുകളും പുലിയുടേതിന് സമാനമാണെന്ന് വനപാലകർ പറയുന്നു. ജോർജ്ജ് കുട്ടിയുടെ വീടിനോട് ചേർന്നൊഴുകുന്ന സബ് കനാലിൽ കൂടി വെള്ളമൊഴുകുന്നതിനാൽ ദാഹമകറ്റാൻ ഉൾവനത്തിൽ നിന്ന് പുലി എത്തിയെന്നാണ് നിഗമനം.

ഇതേ വാർഡിൽ ഉൾപ്പെടുന്ന കനാലിന് മറുകരയിലേക്ക് ഒരു മാസം മുമ്പ് പുലി ഓടി പോകുന്നത് രണ്ട് പേർ കണ്ടതിനെ തുടർന്ന് അവിടെയും കാമറകൾ സ്ഥാപിച്ചെങ്കിലും മൃഗത്തെ സംബന്ധിച്ച ദൃശ്യങ്ങളൊന്നും ഇതു വരെ ലഭിച്ചിട്ടില്ലെന്നാണ് വനപാലകർ പറയുന്നത്. ഒരു കാറിന്റെ ബോണറ്റിലിടിച്ചു തെറിച്ചു വീണതും വീട്ടമ്മ സ്‌കൂട്ടർ ഓടിച്ച പോകവെ മുന്നിലൂടെ റോഡ് മുറിച്ചു ഓടുന്നതുമായിരുന്നു വ്യത്യസ്‌ത സംഭവങ്ങൾ.

ചെന്നായ്‌ക്കളാണ് വളർത്തു മൃഗങ്ങളെ പിടിക്കുന്നത് എന്ന പൊതുവെയുള്ള ധാരണ മാറി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശമാകെ പുലിപ്പേടിയിലായി.പ്രഭാതസവാരിക്കിറങ്ങുന്നവർ നടത്തം നിറുത്തി വെച്ചു..

ചന്ദ്രകുമാർ

കേരള കൗമുദി പുന്നല ഏജന്റ്

കാമറകളിലൂടെ പുലിയുടെ സാന്നിദ്ധ്യമുറപ്പിച്ചാൽ കൂട് സ്ഥാപിക്കുന്ന നടപടിയിലേക്ക് നീങ്ങും.വളർത്തു മൃഗങ്ങളെ നഷ്‌ടപ്പെട്ടവർക്ക് നഷ്‌ട പരിഹാരത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു.

ടി. ബിജി

അലിമുക്ക് വാർഡ് മെമ്പർ