കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ വിജയ സാദ്ധ്യതകളെപ്പറ്റി ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ സംസാരിക്കുന്നു
? എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് അടിക്കുമോ?
ഉറപ്പായും. ഇത്തവണയും കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ തന്നെ എം.പിയാകും. ഭൂരിപക്ഷവും വർദ്ധിക്കും. കൊല്ലത്ത് മാത്രമല്ല കേരളം മുഴുവനും യു.ഡി.എഫ് മുന്നേറ്റം ആവർത്തിക്കും.
? സംഘി പരാമർശം തിരിച്ചടിക്കുമോ?
പ്രധാനമന്ത്രിക്കൊപ്പം ഒരുനേരം ആഹാരം കഴിച്ചാൽ എങ്ങനെയാണ് സംഘിയാകുന്നത്. 2019 ലും എൻ.കെ.പ്രേമചന്ദ്രനെതിരെ സി.പി.എം സംഘി പരാമർശം നടത്തിയിരുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കി അദ്ദേഹത്തിനെതിരെ പകയും വിദ്വേഷവും സൃഷ്ടിക്കുകയാണ് അന്നും ഇന്നും സി.പി.എം ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ജനങ്ങൾ ഇത്തരം കപട പ്രചാരണങ്ങൾ വിശ്വസിക്കില്ലെന്നതിന്റെ തെളിവാണ് പ്രേമചന്ദ്രന്റെ എം.പി സ്ഥാനം. അദ്ദേഹത്തെ ന്യൂനപക്ഷ വിരുദ്ധനാക്കി വോട്ട് മറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പരാമർശങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലാകും. സംഘിയാക്കൽ തന്ത്രം ഇത്തവണയും പാളും.
? നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി ആശങ്ക ഉണ്ടാക്കുന്നുണ്ടോ?
ഒരിക്കലും ഇല്ല. നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചതിനാൽ ആർ.എസ്.പി ഇല്ലാതായി എന്നുള്ളത് വെറും തെറ്റിദ്ധാരണയാണ്. നിയമസഭയിൽ ഇടതിനൊപ്പം നിൽക്കുന്ന ജനം പക്ഷേ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും ആർ.എസ്.പിക്കും ഒപ്പമാണ് നിൽക്കുന്നത്. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യക്തമായ കാര്യമാണ്. എന്തെങ്കിലും നേട്ടങ്ങൾ പറയാൻ എൽ.ഡി.എഫിന് ഒന്നുമില്ല. അഴിമതിയും കൊള്ളയും കാരണം നേതാക്കൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. അതിന്റെ പ്രതിഫലനം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും.
? ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം?
നാടിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കായി നിരന്തരം ശബ്ദം ഉയർത്തുന്നവരാണ് ഞങ്ങളുടെ സ്ഥാനാർത്ഥികൾ.കഴിഞ്ഞ പത്തുവർഷമായി ജില്ലയ്ക്കുണ്ടായ സമാനതകളില്ലാത്ത വികസനമാണ് ആത്മവിശ്വാസം നൽകുന്ന പ്രധാന ഘടകം. കൊല്ലം റെയിൽവേ സ്റ്റേഷൻ, ദേശീയപാതകളുടെ വികസനം തുടങ്ങി ചെറുതും വലുതുമായ നിരവധി വികസന, ക്ഷേമ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നത്. പ്രേമചന്ദ്രന്റെ തുടർച്ചയായുള്ള വിജയവും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. വികസന നേട്ടങ്ങൾക്കൊപ്പം പൊതു പ്രവർത്തനത്തിനുള്ള 2024ലെ സത്കർമ പുരസ്‌കാരവും സ്വന്തമാക്കിയാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
? സിനിമാതാരമെന്ന എം.മുകേഷിന്റെ സ്വീകാര്യത വെല്ലുവിളിയാണോ?
സിറ്റിംഗ് എം.എൽ.എ കൂടിയായ മുകേഷിനെ സ്ഥാനാർത്ഥിയാക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചത് സിനിമ നടൻ എന്ന ഇമേജ് കൂടുതൽ വോട്ട് കൊണ്ടുവരുമെന്ന പ്രതീക്ഷയിലാകും. അത് തെറ്റായ തീരുമാനമായിരുന്നെന്ന് പിന്നീട് എൽ.ഡി.എഫിന് തോന്നും. 2014, 2019 തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ കരുത്തരായ എം.എ. ബേബിയേയും കെ.എൻ. ബാലഗോപാലിനേയും പരാജയപ്പെടുത്തിയാണ് പ്രേമചന്ദ്രൻ കൊല്ലം മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണയും അദ്ദേഹം യു.ഡി.എഫിന്റെ ഉറപ്പ് കാക്കും.