കൊല്ലം: തപാൽ വകുപ്പ് കൊല്ലം ഡിവിഷന്റെയും ശ്രീനാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി സൂര്യഘർ മുഫ്ത്ത് ബിജിലി യോജന രജിസ്ട്രേഷൻ ഇന്ന് രാവിലെ 9 മുതൽ ഒന്ന് വരെ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഹാളിൽ നടക്കും.

പുരപ്പുറത്ത് സോളാർ പാനൽ സ്ഥാപിക്കുന്നതിന് സബ്സിഡി നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണി​ത്. കെ.എസ്.ഇ.ബിയുടെ പദ്ധതിയിൽ ഒരു കിലോ വാട്ട് പാനൽ സ്ഥാപിക്കാൻ 18,000 രൂപ മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം 30,000 രൂപ സബ്സി​ഡി​ ലഭിക്കും. രണ്ട് കിലോ വാട്ടിന് 60,000, മൂന്ന് കിലോവാട്ടിന് 78,000 എന്നീ ക്രമത്തിലും സബ്സിഡിയുണ്ട്. കെ.എസ്.ഇ.ബിയുടെ പദ്ധതിയിൽ രണ്ട്, മൂന്ന് കിലോവാട്ടുകൾക്ക് യഥാക്രമം 29000, 43000 ആണ് സബ്സി​ഡി​.

എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തും. പോസ്റ്റൽ ഡിവിഷൻ അസി. സൂപ്രണ്ട് എസ്. ബിജു പദ്ധതി വിശദീകരിക്കും. എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ സംസാരി​ക്കും. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ ആറ് മാസത്തിനുള്ളിലെ വൈദ്യുതി ബിൽ കൊണ്ടുവരണം. ഫോൺ​: 9446526859.