പ്രചാരണമില്ല, പരാതികൾ കുറവ്
കൊല്ലം: സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗത്തിന് തടയിടാൻ, വിമുക്തി പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പാക്കിയ 'നേർവഴി' ലക്ഷ്യത്തിലെത്തുന്നില്ല. ജില്ലയിൽ ഇതുവരെ 20 പരാതികൾ മാത്രമാണ് ലഭിച്ചത്. ഇവ പരിഹരിക്കുകയും ചെയ്തു. വേണ്ടത്ര പ്രചാരണം ലഭിക്കാത്തതാണ് നേർവഴിയെ വഴി തെറ്റിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ലഹരി മാഫിയയുടെ കെണിയിൽപ്പെടുന്ന കുട്ടികളെ തുടക്കത്തിൽ തന്നെ അദ്ധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി എക്സൈസ് വകുപ്പിനെ അറിയിക്കുകയും തുടർന്ന് അവർക്ക് ബോധവത്കരണം ഉൾപ്പെടെ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ എല്ലാ സ്കൂളിലെയും കോളേജുകളിലെയും അദ്ധ്യാപകർക്ക് നേർവഴിയുമായി ബന്ധപ്പെടാം. രക്ഷിതാക്കൾക്ക് കുട്ടികളിലെ ലഹരി ഉപയോഗത്തെപ്പറ്റി ആശങ്ക ഉണ്ടെങ്കിൽ നേർവഴിയിൽ വിവരം അറിയിക്കാം. വിദ്യാലയങ്ങളിലെ സ്റ്റാഫ് റൂമുകളിൽ എക്സൈസിന്റെ ടോൾഫ്രീ നമ്പർ പതിച്ചിട്ടുണ്ട്. നേർവഴിയിലേക്ക് പരാതി അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ഉണ്ടാവും, പ്രത്യേക പരിഗണന
എക്സൈസ് കമ്മിഷണറേറ്റിൽ ഫോൺ കോളും വാട്സാപ്പും വഴി എത്തുന്ന നേർവഴി പരാതികൾ സ്വീകരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥനുണ്ട്. വിവരങ്ങൾ വിമുക്തി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാരായ അസി. കമ്മീഷണർമാരെ അറിയിക്കും. തുടർന്ന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ നിരീക്ഷിച്ച ശേഷം മാതാപിതാക്കളുമായി ആശയ വിനിമയം നടത്തും. പിന്നീട് വിദ്യാർത്ഥിയുമായി സംസാരിക്കുകയും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകുകയും ചെയ്യും.
വിവരങ്ങൾ ലഭിക്കാതെ അദ്ധ്യാപകർ
വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അദ്ധ്യാപകർക്ക് വേണ്ടത്ര വിവരങ്ങൾ ലഭിക്കാത്തത് പരാതികൾ കുറയാൻ കാരണമാകുന്നു. ലഹരി ഉപയോഗം കൂടുന്നുണ്ടെങ്കിലും പരാതികൾ ലഭിക്കാത്തതിനെപ്പറ്റി എക്സൈസ് അധികൃതർ അന്വേഷിക്കുന്നുണ്ട്.
വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന സ്വഭാവമാറ്റം, ക്ലാസിൽ തുടർച്ചയായി വരാതെയിരിക്കുക, ക്ലാസിലെ മയക്കം എന്നിവ അദ്ധ്യാപകർ നിരീക്ഷിക്കും. വിവരം വാട്സാപ്പ് സന്ദേശമായോ ഫോൺ കോൾ മുഖേനയോ എക്സൈസ് കൺട്രോൾ റൂമിൽ അറിയി
ക്കണമെന്നാണ് നിലവിലെ നിർദ്ദേശം.
.............................................
നേർവഴി കൺട്രോൾ റൂം നമ്പർ
965178000
..................................................
നേർവഴിയെക്കുറിച്ചും പരാതികൾ അറിയിക്കേണ്ട വിധവും സ്കൂളുകളിലെ പി.ടി.എകൾ വഴി കൂടുതൽ പ്രചരിപ്പിക്കും. മാസം രണ്ട് പരാതിയൊക്കെയാണ് ലഭിക്കുന്നത്. പുതിയ അദ്ധ്യയന വർഷത്തിൽ കൂടുതൽ ഇടങ്ങളിൽ നേർവഴിക്ക് പ്രചാരണം നൽകും
എക്സൈസ് അധികൃതർ