
കൊല്ലം: ടാൻസാനിയയിൽ നിന്നു തോട്ടണ്ടി എത്തിയതിനെ തുടർന്ന് കാഷ്യു കോർപ്പറേഷൻ ഫാക്ടറികൾ പ്രവർത്തനം പുനരാരംഭിച്ചു.
പുതുക്കിയ 23 ശതമാനം കൂലി വർദ്ധനവ് കൂടി പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾ ആഹ്ളാദത്തോടെയാണ് ഇന്നലെ ഫാക്ടറികളിൽ എത്തിയത്.
ഈ വർഷം മുടക്കമില്ലാതെ ജോലി ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു.
തൂത്തുക്കുടി പോർട്ടിൽ നിന്ന് എത്തിയ ടാൻസാനിയ ഒറിജിൻ തോട്ടണ്ടി ഉപയോഗിച്ചാണ് ഫാക്ടറികൾ പ്രവർത്തനം ആരംഭിച്ചത്. ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 12,000 മെട്രിക്ക് ടൺ തോട്ടണ്ടി കൂടി എത്തുന്നതോടെ ഈ വർഷം തൊഴിലാളികൾക്ക് ജോലി മുടങ്ങില്ല. 14,000ത്തോളം തൊഴിലാളികളാണ് കോർപ്പറേഷന്റെ ഫാക്ടറികളിലെ വിവിധ സെക്ഷനുകളിൽ ജോലി ചെയ്യുന്നത്. ഷെല്ലിംഗ് ജോലിയാണ് ഇന്നലെ പുനരാരംഭിച്ചത്. തുടർന്ന് പീലിംഗ്, ഗ്രേഡിംഗ് സെക്ഷനുകൾ കൂടി ആരംഭിക്കുന്നതോടെ ഫാക്ടറികൾ പൂർണതോതിൽ പ്രവർത്തന സജ്ജമാകും.