
കൊല്ലം: പ്രേമലു സിനിമയുടെ സൂപ്പർ ഹിറ്റ് വിജയം പോലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൻ ഹിറ്റായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ പ്രേമലു പോസ്റ്ററുകൾ.
കൊല്ലത്തിന്റെ പ്രേമലു എന്ന ക്യാച്ച് വേർഡോടെയുള്ള പ്രേമചന്ദ്രന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ചുവരെഴുത്തുകളിലേക്കും പകർത്തി. നേരത്തെ എഴുതിയ ചുവരുകളിലും പ്രേമലു ക്യാച്ച് വേർഡ് കൂട്ടിച്ചേർത്തു. ആർ.എസ്.പി ജില്ലാക്കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ടീമാണ് ആശയത്തിനുപിന്നിൽ.
പുതുതലമുറയെ ആകർഷിക്കാനും അവരിലേക്ക് സ്ഥാനാർത്ഥിയെ എളുപ്പത്തിൽ എത്തിക്കാനും പെട്ടെന്ന് ശ്രദ്ധിക്കപ്പെടാനുമാണ് സിനിമാപ്പേര് ഉപയോഗിച്ചുള്ള ക്യാച്ച് വേർഡ് തയ്യാറാക്കിയതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു. പ്രേമലു പോലെ പുതിയ ആശയങ്ങൾ പ്രചാരണത്തിൽ കൊണ്ടുവരാനുള്ള ആലോചനയിലാണ് ആർ.എസ്.പിയുടെ സോഷ്യൽ മീഡിയ ടീം.