കൊല്ലം :ചടയമംഗലം കള്ളിക്കാട് പൊയ്കവിളയിൽ തങ്കപ്പൻ നായർ (85), കാഴ്ച നഷ്ടപ്പെട്ട ഭാര്യ സരസമ്മ (75), മാനസികവൈകല്യമുള്ള മകൾ ബീന (44) എന്നിവരെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. ഈ ദമ്പതികളുടെ രണ്ടു മക്കളും മാനസികവെല്ലുവിളി നേരിടുന്നവരായിരുന്നു. മകൻ പ്രകാശ് ആറുമാസം മുമ്പ് മരണപ്പെട്ടു. അടുത്തകാലം വരെ കൂലിവേല ചെയ്ത് കുടുംബം പുലർത്തിയ തങ്കപ്പൻ നായർക്ക് ഇപ്പോൾ ജോലിചെയ്യാനുള്ള ആരോഗ്യസ്ഥിതിയല്ല. ഭാര്യ സരസമ്മയുടെ രണ്ടു കണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിതം തീർത്തും ഇരുട്ടിസായി. ഭക്ഷണത്തിനും മറ്റും അയൽവാസികളുടെ സഹായമായിരുന്നു ആശ്രയം. ഈ കുടുംബത്തിന്റെ ദുരിതജീവിതം ശ്രദ്ധയിൽപ്പെട്ട ജനപ്രതിനിധികളും നാട്ടുകാരും ഒന്നടങ്കം ഇവരെ സുരക്ഷിതമായ ഒരിടം കണ്ടെത്തി സംരക്ഷിക്കണമെന്ന് തീരുമാനിക്കുകയും അതുപ്രകാരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സാം കെ. ഡാനിയൽ, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ എന്നിവർ പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെടുകയുമായിരുന്നു.
ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരം വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, സി.ഇ.ഒ വിൻസെന്റ് ഡാനിയൽ എന്നിവരുടെ നേതൃത്വത്തിൽ സേവനപ്രവർത്തകർ നേരിട്ടെത്തി ഈ കുടുംബത്തെ ഗാന്ധിഭവനിലേക്ക് ഏറ്റെടുക്കുകയായിരുന്നു.