കൊല്ലം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്ന‌ിക്ക് കോളേജിൽ ഐ.എച്ച്.ആർ.ഡിയുടെ ആദ്യത്തെ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് ഉദ്ഘാടനം ഇന്ന് മന്ത്രി ആർ. ബിന്ദു നിർവഹിക്കും.

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനവും കണ്ടെത്താൻ കഴിയുന്ന പദ്ധതിയായ ഏൺ​ വൈൽ യു ലേൺ​ കോളേജിൽ പ്രാവർത്തികമാക്കി​യി​ട്ടുണ്ട്. പഠനകാലയളവിൽ തന്നെ പഠനവുമായി ബന്ധപ്പെട്ട നിർമ്മാണ മേഖലകളിലും പ്രവർത്തിക്കാൻ കഴിയുന്നത് സ്കിൽ ഡെവലപ്മെന്റി​നെ വളരെയധികം സഹായിക്കും. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ നിർമ്മിക്കുന്ന ഒരു വ്യവസായ സ്ഥപനവുമായി ചേർന്നാണ് മോഡൽ പോളിടെക്‌നിക്ക് കോളേജിൽ എയർകണ്ടീഷനുകൾക്ക് വേണ്ടിയുള്ള സ്റ്റെബിലൈസർ പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കുന്നത്. ദിവസം ചുരുങ്ങിയത് 50 സ്റ്റെബിലൈസറുകൾ നി​ർമ്മി​ക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോ പ്രൊഡക്ഷൻ യൂണിറ്റ് പ്രവർത്തി​ക്കുന്നത്. വരുന്ന രണ്ട് മാസത്തിനുള്ളിൽ 100 സ്റ്റബിലൈസറിന്റെ നിർമ്മാണം പൂർത്തി​യാക്കും.