ccc
എൽ.ഡി.എഫ് സ്ഥാനാർത്ഥി മുകേഷിന്റെ പുനലൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. പി.എസ്.സുപാൽ എം.എൽ.എ, മുൻ മന്ത്രി കെ.രാജു തുടങ്ങിയവ‌ർ സമീപം

അഞ്ചൽ: ഇ.ഡി ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെയും കക്ഷികളെയും ഒതുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊല്ലം പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മുകേഷിന്റെ പുനലൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ അഞ്ചൽ അൽ അമാൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം പോലും കേന്ദ്രം തടഞ്ഞുവയ്ക്കുന്നു. അത് ശരിയാണെന്ന് സുപ്രീംകോടതി തന്നെ പറ‌ഞ്ഞിട്ടുണ്ട്. സാമ്പത്തിക പ്രശ്നം പാർലമെന്റിൽ ഉന്നയിക്കാൻ പോലും കേരളത്തിലെ പ്രതിപക്ഷ എം.പി.മാർ തയ്യാറാകുന്നില്ല. പ്രതിസന്ധി ഉണ്ടെങ്കിലും ക്ഷേമ പെൻഷനുകളുടെ വിതരണം മാർച്ച് 15ന് തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളെ പിന്നിൽ നിന്ന് കുത്തുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. താൻ ഒരു ഇടതുപക്ഷക്കാരനാണെന്നാണ് എൻ.കെ. പ്രേമചന്ദ്രൻ പറയുന്നത്, എന്നാൽ അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ വിരുദ്ധമായ നിലപാടുകളാണ് ഉള്ളതെന്നും മന്ത്രി പറ‌ഞ്ഞു. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായ കൺവൻഷനിൽ സ്ഥാനാർത്ഥി എം. മുകേഷ്, മുൻ മന്ത്രി അഡ്വ.കെ.രാജു, സി.പി.എം സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.രാജഗോപാൽ, എസ്. വരദരാജൻ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി അഡ്വ.ആ‌ർ.സജിലാൽ, വിവിധ കക്ഷി നേതാക്കളായ കെ.ധർമ്മരാജൻ, ജോർജ്ജ് മാത്യു, ആയൂർ ബിജു, സി.പി.എം അ‌ഞ്ചൽ ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, സി.പി.ഐജില്ലാ കൗൺസിൽ അംഗം എം.സലീം, കെ.ബാബുപണിക്കർ തുടങ്ങിയവർ സംസാരിച്ചു.