kerala

കൊല്ലം: കൊല്ലം- ചെങ്കോട്ട പാതയിൽ കേരളപുരം ജംഗ്ഷന് സമീപം റെയിൽവേ ട്രാക്കിൽ തീപടർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. റോഡ് വക്കിലെ ചവറുകൂനയിലെ തീ റെയിൽവേ ട്രാക്കിന് സമീപത്തേക്ക് വ്യാപിച്ചു. ശക്തമായ കാറ്റിൽ തീ ട്രാക്കിന് മറുവശത്തേക്കും വ്യാപിച്ച് ആളിക്കത്തി. ഈ സമയം ട്രെയിനുകൾ കടന്നുവരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കുണ്ടറ, കൊല്ലം സ്റ്റേഷനുകളിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ കെടുത്തിയത്. ശക്തമായ വേനലിൽ ട്രാക്കുകളിലേക്ക് തീ പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ട്രാക്കിന്റെ വശങ്ങൾ ശുചീകരിക്കണമെന്ന് കുണ്ടറ ഫയർഫോഴ്സ് റെയിൽവേയോട് ആവശ്യപ്പെട്ടു.