കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ ഒന്നാംഘട്ട തിര‌ഞ്ഞെടുപ്പ് പ്രവർത്തനം കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ പൂർത്തിയായി. അസംബ്ളി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 182 ബൂത്തുകളിൽ പോസ്റ്റർ പ്രചരണവും ചുവരെഴുത്തും പൂർത്തിയാക്കി. എൽ.ഡി.എഫിലെ ഘടക കക്ഷികളിലെ ബ്രാഞ്ച് തലത്തിലുള്ള നേതാക്കളുടെ ആദ്യ യോഗങ്ങളും ആദ്യവട്ട ഭവനസന്ദർശനങ്ങളും പൂർത്തീകരിച്ചു. അസംബ്ളി മണ്ഡലത്തിലെ പ്രവർത്തന സൗകര്യത്തിനായി 22 മേഖലാ കമ്മിറ്റികളായി വിഭജിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വിശദീകരണ യോഗങ്ങളും ഇന്നലത്തോടെ പൂർത്തിയായി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർത്ഥി രണ്ട് പ്രാവശ്യം മണ്ഡലത്തിൽ റോഡ് ഷോ നടത്തി. പ്രധാനപ്പെട്ട ജനകേന്ദ്രങ്ങളിലും സന്ദർശനം നടത്തി.