കൊല്ലം: ചവറയിലെ കരിമണൽ വ്യവസായ തകർച്ചയെ കുറിച്ച് ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സീനിയർ സെക്രട്ടറിയുമായ കെ.സുരേഷ്ബാബു പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സ്വകാര്യ കരിമണൽ ലോബിയും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള അവിഹിത ബന്ധമാണ് തകർച്ചയ്ക്ക് പിന്നിൽ. ധാതുസമ്പത്ത് കൊള്ളയടിക്കാൻ കൂട്ടുനിന്നവരുടെ പട്ടികയാണ് മാസപ്പടി ഇടപാടിലൂടെ പുറത്തുവന്നത്. കരിമണലിലെ ധാതുഘടകങ്ങളുമായി ബന്ധപ്പെട്ട് വൻ വ്യവസായം തുടങ്ങാൻ കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വന്ന റഷ്യൻ സംഘത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മടക്കി അയച്ചിന് പിന്നിൽ മാസപ്പടി ഇടപാടാണ്.

ചവറയുടെയും കേരളത്തിന്റെയും വികസന സാദ്ധ്യതകളെ തച്ചുടയ്ക്കുന്ന നടപടിയായിരുന്നു ഇത്. 1974 മുതൽ റഷ്യയും യു.എസും വ്യവസായങ്ങൾ തുടങ്ങാനുള്ള ശ്രമങ്ങളുമായി ചവറയിൽ വന്നിട്ടുണ്ട്. അതെല്ലാം മാഫിയകളുടെ ഇടപെടലുകളിൽ തകർന്നു. കൊള്ളക്കാർക്ക് ഈ വ്യവസായം തീറെഴുതുന്നത് തുടർന്നാൽ ചവറയിലെ പൊതുമേഖലാ സ്ഥാപനങ്ങളടക്കം എല്ലാ വ്യവസായങ്ങളും വിദൂരമല്ലാതെ പൂട്ടേണ്ടി വരും.

കരിമണ്ണിനെ ആശ്രയിച്ച് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തകർക്കുന്നതിന് പിന്നിൽ കരിമണൽ ലോബിയും കേന്ദ്ര - സംസ്ഥാന സർക്കാരുകളുമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ചവറയ്ക്ക് ദൈവം കനിഞ്ഞുനൽകിയ സമ്പത്ത് രാജ്യത്തിന്റെ ഖജനാവിന് പ്രയോജനപ്പെടുന്ന തരത്തിൽ ഉപയോഗിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ.സുരേഷ് ബാബു പറഞ്ഞു.