കൊല്ലം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലടിച്ച് എൻ.എച്ച്.എമ്മിനെ തകർത്ത് കേരളത്തിലെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
വിവിധ സർക്കാർ ആശുപത്രികളിൽ എൻ.എച്ച്.എം നിയോഗിച്ചിട്ടുള്ള നൂറുകണക്കിന് ജീവനക്കാർക്ക് കഴിഞ്ഞ രണ്ടുമാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. രാപകൽ പണിയെടുത്തിട്ടും വണ്ടിക്കൂലിക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണ് ഭൂരിഭാഗം ജീവനക്കാരും. സർക്കാർ നിശ്ചയിച്ച മിനിമം കൂലി പോലും ഇവർക്ക് ശമ്പളമായി കിട്ടുന്നില്ല. ഇവർ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചാൽ കേരളത്തിലെ ബഹുഭൂരിപക്ഷം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും. കുടുംബക്ഷേമ കേന്ദ്രങ്ങളുടെ കീഴിലുള്ള ഉപകേന്ദ്രങ്ങൾക്ക് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് പേരിടണമെന്ന നിർദ്ദേശം പാലിക്കാത്തതാണ് കഴിഞ്ഞ ഏപ്രിൽ മുതൽ കേരളത്തിനുള്ള എൻ.എച്ച്.എം വിഹിതം കേന്ദ്ര സർക്കാർ നൽകാത്തത്.
നൂറുകണക്കിന് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പതിനായിരക്കണക്കിന് രോഗികളെയും ബാധിക്കുന്ന പ്രശ്നമായതിനാൽ ഇക്കാര്യം എത്രയും വേഗം പരിഹരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും വിഷ്ണു സുനിൽ പന്തളം ആവശ്യപ്പെട്ടു.