കൊല്ലം: ബീച്ചിന് സമീപം കൊല്ലം തോടിന് കുറുകെ നിലവിലെ കൊച്ചുപിലാംമൂട് പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ നിർമ്മാണത്തിന് ധനവകുപ്പ് 9.21 കോടി അനുവദിച്ചു. അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുക്കലിന് അടക്കമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്.
കളക്ടറുടെ ബംഗ്ലാവിലേക്കുള്ള റോഡിന് സമീപം പാലം അവസാനിക്കുന്ന ഭാഗത്തുള്ള ഭൂമി പുറമ്പോക്കാണെങ്കിൽ വൈകാതെ നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികളിലേക്ക് നീങ്ങും. സ്വകാര്യ ഭൂമിയാണെങ്കിൽ ഏറ്റെടുക്കൽ നടപടികൾക്ക് ശേഷമേ ടെണ്ടറിലേക്ക് കടക്കൂ. ഈ ഭാഗത്ത് സ്വകാര്യ ഭൂമിയുണ്ടോയെന്ന് കണ്ടെത്താനായി രണ്ട് ദിവസത്തിനുള്ളിൽ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തും.
ചിന്നക്കട ഭാഗത്ത് നിന്ന് വരുമ്പോൾ നിലവിലെ പാലത്തിന് ഇടത് വശത്തായാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇരുപാലങ്ങളിലും വൺവേ സംവിധാനം ഏർപ്പെടുത്തും. ജലനിരപ്പിൽ നിന്ന് പരമാവധി അഞ്ച് മീറ്റർ ഉയരത്തിൽ 2011 ലാണ് നിലവിലെ പാലം നിർമ്മിച്ചത്. കൊല്ലം തോടുവഴിയുള്ള ഗതാഗത സാദ്ധ്യത കൂടി കണത്തിലെടുത്ത് ഇതേ ഉയരത്തിൽ തന്നെയാകും പുതിയ പാലവും.
ഗതാഗത ക്രമീകരണത്തിന് റൗണ്ട് എബൗട്ട്
ചിന്നക്കട, കമ്മിഷണർ ഓഫീസ് മേൽപ്പാലം, കളക്ടറുടെ ബംഗ്ലാവ്, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള റോഡ് സംഗമിക്കുന്ന കൊച്ചുപിലാംമൂട് ജംഗ്ഷനിൽ ഗതാഗത ക്രമീകരണത്തിന് റൗണ്ട് എബൗട്ട് നിർമ്മാണവും രൂപരേഖയിലുണ്ട്
നിലവിലുള്ള ആൽമരം നിലനിറുത്തിയാകും വികസനം
അതിനാൽ ഈ ഭാഗത്ത് അപ്രോച്ച് റോഡിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കും
നിർമ്മാണ ചെലവ് ₹ 9.21 കോടി
നീളം - 29.5 മീറ്റർ
വീതി - 9.5 മീറ്റർ
ക്യാരേജ് വേ- 7.5 മീറ്റർ
ഇടതുവശത്ത് നടപ്പാത - 1.5 മീറ്റർ
കൊല്ലം തുറമുഖത്തെയും ബീച്ചിനെയും ദേശീയപാതയുമായി ബന്ധിക്കുന്ന റോഡിലാണ് വിശാലമായപാലം വരുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ തുറമുഖത്തേയ്ക്കുള്ള കണ്ടെയ്‌നർ നീക്കം സുഗമമാകും. ഗതാഗതക്കുരുക്കും ഒഴിവാകും. കൊല്ലം നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ റിംഗ് റോഡ് സൗകര്യമൊരുക്കാനും പുതിയ പാലം സഹായകമാകും.
കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി