കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ റോഡ് ഷോ ഇന്ന് രാത്രി 7ന് ഓച്ചിറയിൽ നിന്ന് ആരംഭിക്കുമെന്ന് യു.ഡി.എഫ് കൺവീനർ തൊടിയൂർ രാമചന്ദ്രൻ അറിയിച്ചു. ഓച്ചിറ, ആയിരംതെങ്ങ്, പണിക്കർകടവ്, ലാലാജി ജംഗ്ഷൻ, കരുനാഗപ്പള്ളി മാർക്കറ്റ്, വെളുത്തമണൽ, എ.വി.എച്ച്.എസ്, അരമത്തുമഠം, മണപ്പള്ളി, വവ്വാക്കാവ് വഴി സഞ്ചരിച്ച് ഓച്ചിറയിൽ സമാപിക്കും. നാളെ രാവിലെ 9 30ന് പുതിയകാവ് ഐഡിയൽ ഓഡിറ്റോറിയത്തിൽ വച്ച് നിയോജകമണ്ഡലം കൺവെൻഷൻ നടക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദ്ക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. .സ്ഥാനാർത്ഥി കെ.സി.വേണുഗോപാലും യു.ഡി.എഫ് സംസ്ഥാന -ജില്ലാ നേതാക്കളും കൺവെഷനിൽ പങ്കെടുക്കും.