കൊല്ലം: ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ഇൻഡസ്ട്രി ഓൺ ക്യാമ്പസ് എന്നത് ഉന്നത വിദ്യാഭ്യസ രംഗത്തെ പുതിയ കാൽവെയ്പ്പാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയെന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും മന്ത്രി ഡോ.ആർ,ബിന്ദു പറഞ്ഞു.

കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കേളേജിൽ പുതുതായി ആരംഭിച്ച വ്യാവസായിക പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 20 ലക്ഷം യുവതി - യുവാക്കൾക്ക് തൊഴിൽ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. പ്രവർത്തനോന്മുഖമായ വിദ്യാഭ്യാസമാണ് കേരളത്തിനാവശ്യം. ചെയ്ത് പഠിക്കുക, തൊഴിൽ പരമായ ആഭിമുഖ്യം വിദ്യാർത്ഥികളിൽ കണ്ടെത്തുക തുടങ്ങിയവയ്ക്കായി നൂതന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ഇൻഡസ് വേൾഡ് ട്രേഡ് മാനേജിംഗ് ഡയറക്ടർ അജിത്ത് കുമാർ, സി.കെ.സുബി, എസ്.ദീപ്തി. ആർ.ആശ, ജി.മനോജ്, പി.ടി.എ വൈസ് പ്രസിഡന്റ് നസറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ വി.എ.അരുൺ കുമാർ സ്വാഗതവും പ്രിൻസിപ്പൽ വി.ജെ.മണികണ്ഠ കുമാർ നന്ദിയും പറഞ്ഞു.