
കൊല്ലം: കുരീപ്പുഴ ഗവ. യു.പി സ്കൂളിലെ പൂർവ അദ്ധ്യാപക - വിദ്യാർത്ഥി സംഗമം വേറിട്ട അനുഭവമായി. ഒന്നേകാൽ നൂറ്റാണ്ടിന്റെ പടികയറുന്ന വിദ്യാലയത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു ഒത്തുചേരലും ആദ്യമായിരുന്നു.
1981-82 കാലയളവിലെ വിദ്യാർത്ഥികളായ 'ചങ്ങാതിക്കൂട്ടമാണ് " ചടങ്ങ് സംഘടിപ്പിച്ചത്. വിശ്രമ ജീവിതം നയിച്ചുവരുന്ന ടി.കെ.സിറാജുദ്ദീൻ, പി.കെ.ആനന്ദവല്ലിഅമ്മ, രാധാകൃഷ്ണ ബാബു, പി.ഉഷാകുമാരി അമ്മ, ഡി.ഫിലിപ്പോസ്, ആനി, റാഹേലമ്മ, അമ്മിണി എന്നീ ഗുരുക്കന്മാരെ പാദം തോട്ടുവണങ്ങിയാണ് ചടങ്ങിലേയ്ക്ക് എതിരേറ്റത്. തുടർന്ന് പൂച്ചെണ്ടും മധുരവും നൽകി പൊന്നാട ചാർത്തി മെമന്റോയും സമ്മാനിച്ചു. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
ആമിന, ശ്രീദേവി, ലത എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ശ്രീദേവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സീനിയർ അദ്ധ്യാപകൻ രാധാകൃഷ്‌ണ ബാബു ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാത്ഥികളായ ബി.അജിത്ത് കുമാർ (മുൻ കൗൺസിലർ), കുരീപ്പുഴ സിറിൾ (ബാലസാഹിത്യകാരൻ), ആമിന ജയശ്രീ, ലത, സുശീല എന്നിവർ സംസാരിച്ചു.