സ്ഥലം ഏറ്റെടുപ്പിന് 110.36 കോടി രൂപ
കൊട്ടാരക്കര: കൊട്ടാരക്കര പട്ടണത്തിൽ ബൈപ്പാസ് റോഡ് യാഥാർത്ഥ്യത്തിലേക്ക്. ഭൂമി ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഭൂമി അടയാളപ്പെടുത്തിക്കൊണ്ടുള്ള അതിർത്തി കുറ്റികളാണ് സ്ഥാപിച്ചുതുടങ്ങിയത്. 2.78 കിലോ മീറ്റർ നീളത്തിൽ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. നാലുവരി പാതയായതിനാൽ 23 മീറ്റർ വീതിയുമുണ്ടാകും. സ്ഥലം ഏറ്റെടുപ്പിന് 110.36 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
ഗതാഗത കുരുക്കൊഴിയും
എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന പ്രധാന പട്ടണമാണ് കൊട്ടാരക്കര. ഇവിടെ റോഡ് വികസനം നടന്നിട്ട് കാലങ്ങളായി. ഇടുങ്ങിയ പട്ടണത്തിലെ ഗതാഗത കുരുക്ക് ഗുരുതര പ്രശ്നമാണ്. ഇതേത്തുടർന്ന് പുലമൺ കവലയിൽ മേൽപ്പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. അതെല്ലാം മാറ്റിക്കൊണ്ടാണ് ഇപ്പോൾ ബൈപ്പാസ് നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളായത്. എം.സി റോഡിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുനിന്നും ആരംഭിച്ച് മൈലം വില്ലേജ് ഓഫീസിന് സമീപത്ത് എത്തിച്ചേരുംവിധമാണ് ബൈപ്പാസ് നിർമ്മിക്കുക. പുലമൺ പാലത്തിന് അധികം ദൂരത്തല്ലാതെ പുതിയ മേൽപ്പാലം നിർമ്മിച്ച് ഗോവിന്ദമംഗലം റോഡുമായി ബന്ധപ്പെടുത്തിയാണ് കടന്നുപോവുക. ബൈപ്പാസിനായി പലതവണ പ്ളാനുകൾ മാറ്റിവരയ്ക്കേണ്ടി വന്നിട്ടുണ്ട്. ഉപഗ്രഹ സർവേ ഉൾപ്പടെ നടത്തിയിരുന്നു. ദേശീയ പാതയുടെ മുകളിൽക്കൂടിയാണ് കടന്നുപോവുക. അതുകൊണ്ടുതന്നെ ദേശീയ പാതയിൽ ഗതാഗത കുരുക്കുകളുണ്ടാകില്ല.
വില നിശ്ചയിക്കണം
ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കൽ, ഭൂ ഉടമകളുമായി ചർച്ച എന്നിവയടക്കം പ്രാരംഭ പ്രവർത്തനങ്ങളിലുള്ളതാണ്. അളന്ന് കല്ലിട്ടാൽ ഇതിന്റെ തുടർ പ്രവർത്തനങ്ങളാകും. കെട്ടിടങ്ങൾ പൊളിക്കേണ്ടതിന്റെ പട്ടിക തയ്യാറാക്കണമെന്നതുൾപ്പടെ നടപടിക്രമങ്ങൾ ഏറെയുണ്ട്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണത്തിനുള്ള മേൽനോട്ടം.