march

കൊല്ലം: കൊല്ലം-തിരുപ്പതി ട്രെയിൻ സർവീസിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് മേയർ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തിൽ കൊല്ലം പൗരാവലി റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് കോർപ്പറേഷൻ കൗൺസിലിന് ശേഷം മേയറും കൗൺസിലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.

തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നടത്തിയ യോഗം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കൊല്ലം-തിരുപ്പതി ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം നടന്നപ്പോൾ മാന്യതയില്ലാത്ത സമീപനമാണ് റെയിൽവേ അധികൃതർ സ്വീകരിച്ചത്. റെയിൽവേ സ്‌റ്റേഷന്റെ സമഗ്ര വികസനത്തിനൊപ്പമാണ് കൊല്ലം കോർപ്പറേഷൻ നിന്നിട്ടുള്ളതെന്ന് മേയർ പറഞ്ഞു. കോർപ്പറേഷൻ പാർലമെന്ററി കാര്യ സെക്രട്ടറി എസ്.ജയൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാകുമാരി, ചെയർമാൻ അഡ്വ. എ.കെ.സവാദ്, ഹണി എന്നിവർ സംസാരിച്ചു.

യോഗത്തിന് ശേഷം സ്‌റ്റേഷൻ മാസ്റ്ററുടെ മുറിക്കുള്ളിൽ കുത്തിയിരുന്ന് മേയർ പ്രതിഷേധിച്ചു. എന്തുകൊണ്ടാണ് ഉദ്ഘാടന വിവരം കോർപ്പറേഷനെയും മേയറെയും അറിയിക്കാഞ്ഞതെന്ന് മേയർ സ്‌റ്റേഷൻ മാസ്റ്റർ അജിത്തിനോട് ചോദിച്ചു. ഫോണിൽ വിളിച്ചിരുന്നതായി അദ്ദേഹം അറിയിച്ചെങ്കിലും മേയർ അംഗീകരിച്ചില്ല. പത്ത് മിനിറ്റോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം ഉദ്ഘാടന വിവരം കാണിച്ച് മേയറുടെ ഓഫീസിലേക്ക് മെയിൽ അയച്ചിരുന്നതായും നിരവധി തവണ മേയറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മേയർ ഫോണെടുത്തില്ലെന്നും ക്ഷണിച്ച ഇടത് പ്രതിനിധികളാരും എത്തിയില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ 9.30ന് ഓൺലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.