
കുളത്തൂപ്പുഴ: കിഴക്കൻ വനമേഖലയിൽ വ്യാപകമായി പൂവിട്ട മുളങ്കാടുകൾ കരിഞ്ഞുണങ്ങിത്തുടങ്ങിയതോടെ വനംവകുപ്പ് നഷ്ടപ്പെടുത്തുന്നത് കോടികളുടെ വരുമാനം.
തെന്മല, തിരുവനന്തപുരം വനം ഡിവിഷനുകളിൽ ഉൾപ്പെട്ട കുളത്തൂപ്പുഴ വനമേഖലയിലെ നൂറുകണക്കിന് ഏക്കർ സ്ഥലത്തെ പാകമായ മുളകളാണ് കാലാവധി കഴിഞ്ഞിയിട്ടും മുറിച്ചുനീക്കാതെ നശിക്കുന്നത്.
ആയുസിൽ ഒരിക്കൽ മാത്രമേ മുളകൾ പൂവിടാറുള്ളു. പൂവിടുന്നതിന് മാസങ്ങൾക്ക് മുമ്പേ മൂലകാണ്ഡത്തിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കും. അതിനാൽ ശേഷം പുതിയ നാമ്പുകൾ വരില്ല. പൂവിടുന്നതോടെ മുളകൾ കരിഞ്ഞുണങ്ങുകയാണ് പതിവ്.
മുളകൾ യഥാസമയം മുറിച്ചുമാറ്റാത്തതാണ് വരുമാനം നഷ്ടപ്പെടുത്തുന്നത്. ആനകളുടെ ആവാസ കേന്ദ്രമായ പ്രദേശത്ത് ഇവയ്ക്ക് തീറ്റയ്ക്കായി കൂടിയാണ് മുളങ്കാടുകൾ വ്യാപകമായി വനം വകുപ്പ് വച്ചുപിടിപ്പിച്ചത്.
തദ്ദേശീയരായ ആദിവാസികൾ കുട്ടയും വട്ടിയും ഫർണിച്ചറുകളും മറ്റും നിർമ്മിക്കാനായി നേരത്തെ മുളകൾ ശേഖരിച്ചിരുന്നു. എന്നാൽ ആവശ്യക്കാർ കുറഞ്ഞതോടെ വനമേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമായി. മേഖലയിൽ പണിയെടുത്തിരുന്ന തൊഴിലാളികളും പട്ടിണിയുടെ വക്കിലാണ്. ഉണങ്ങി നശിക്കുന്ന മുളങ്കാടുകൾ മുറിച്ചുമാറ്റാനെങ്കിലും കരാർ നൽകിയാൽ തൊഴിലാളികളുടെ ദുരിതത്തിനെങ്കിലും അറുതിയാകും.
മുറിച്ചുമാറ്റാൻ കരാറായില്ല
കടലാസ് നിർമ്മാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തു
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനാണ് മുളകൾ നൽകിയിരുന്നത്
തൊഴിൽ പ്രശ്നങ്ങളെ തുടർന്ന് പുതിയ കരാറായില്ല
വിദേശ ന്യൂസ് പ്രിന്റ് ഇറക്കുമതി വർദ്ധിച്ചതും തിരിച്ചടി
കെട്ടിട - ഗൃഹോപകരണ നിർമ്മാണത്തിനും ഉപയോഗിക്കുന്നു
പുല്ല് വംശത്തിലെ ഏറ്റവും വലിയ ചെടിയായ മുളകൾ ഏകപുഷ്പി
പൂവിട്ട ശേഷം അധികനാൾ ഇവയ്ക്ക് ആയുസുണ്ടാകില്ല
വളർച്ചയെത്തിയ
മുളയുടെ നീളം - 80 മീറ്റർ വരെ
ഭാരം -150 കിലോഗ്രാം
കരാർ ലഭിച്ചാലുടൻ വളർച്ചയെത്തിയ മുളകൾ മുറിച്ചുനീക്കി പുതിയ തൈകൾ വച്ചുപിടിപ്പിക്കും.
വനംവകുപ്പ് അധികൃതർ