കൊല്ലം: കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കുളക്കട സ്വദേശിയായ ജോൺസനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമ്പായിക്കുളം ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം.
കുണ്ടറ ഭാഗത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വന്ന കാറും എതിരെ വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. പുനലൂർ സ്വദേശി അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. മൺറോത്തുരുത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് തിരികെ വരികയായിരുന്നു അനിൽ കുമാർ. സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് കാർ നിന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.