കൊല്ലം: അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരു വൃക്ഷത്തിലെ ശിഖരങ്ങൾ പോലെയാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുടർച്ചയായി പത്താം തവണയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കൊല്ലം എസ്.എൻ വനിതാ കോളേജിൽ നൽകിയ ആദരവിന് നന്ദി പ്രകാശിപ്പിക്കുകയായിരുന്നു.
അദ്ധ്യാപകരും അനദ്ധ്യാപകരും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾ ആത്മാർത്ഥമായി പഠിച്ചാൽ ഏത് വിദ്യാഭ്യാസ സ്ഥാപനത്തിനും കൂടുതൽ ഉയരത്തിലെത്താൻ കഴിയും. അത്തരത്തിൽ മാനേജ്മെന്റിനും സമുദായത്തിനും മാത്രമല്ല, സമൂഹത്തിനാകെ അഭിമാനമാണ് എസ്.എൻ വനിതാ കോളേജ്. കൂട്ടായ്മയോടെയുള്ള പ്രവർത്തനമാണ് എസ്.എൻ ട്രസ്റ്രിന്റെ മുന്നേറ്റത്തിന്റെ കാരണം. എന്നാൽ ചെറിയൊരു വിഭാഗം എന്തിനും ഏതിനും കേസ് കൊടുക്കുകയാണ്. ഇത്തരക്കാർ എസ്.എൻ ട്രസ്റ്റിന്റെ വേദികളിലെത്തി അഭിപ്രായ വത്യാസങ്ങൾ ചൂണ്ടിക്കാട്ടണം. അല്ലാതെ സമുദായത്തെയും സ്ഥാപനങ്ങളെയും തകർക്കുന്ന ശൈലി ജനങ്ങൾ അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് ഇത്തവണത്തെ എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ് ഫലമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് കോളേജിന്റെ ഉപഹാരം പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ സമ്മാനിച്ചു. അക്കാഡമിക്, അക്കാഡമികേതര രംഗങ്ങളിൽ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും അനുമോദിക്കാൻ 'മെരിറ്റ് ഗാല 2024' എന്ന പേരിൽ സംഘടിപ്പിച്ച മെരിറ്ര് ഡേയും വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.
എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ സമ്മാനദാനം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, പി.ടി.എ വൈസ് പ്രസിഡന്റ് പട്ടത്താനം സുനിൽ, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ പ്രൊഫ. എസ്.ശേഖരൻ, സെനറ്റ് അംഗം ഡോ. യു.എസ്.നിത്യ, സ്റ്റാഫ് അസോ. സെക്രട്ടറി ഡോ. സീന ഗോപിനാഥൻ, ഹെഡ് അക്കൗണ്ടന്റ് പി.എം.സുനിൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ സ്വാഗതവും പി.ടി.എ സെക്രട്ടറി ഡോ. എം.ലാലിനി നന്ദിയും പറഞ്ഞു.