കൊട്ടാരക്കര: ഉഗ്രൻകുന്നിൽ വൻ തീപിടിത്തം. പന്ത്രണ്ടേക്കറോളം കൃഷിയും റബർ മരങ്ങളും കത്തി നശിച്ചു. ഉഗ്രൻകുന്ന് മാലിന്യ സംസ്കാരണ പ്ളാന്റിനു സമീപമുള്ള ഭാഗത്താണ് ഉച്ചയോടെ തീ പടർന്നു പിടിച്ചത്. ഉണങ്ങികിടന്ന കുറ്റിക്കാടിലൂടെ തീ ഞൊടിയിടയിൽ നാലുപാടേക്കും പടരുകയായിരുന്നു. കുറ്റിക്കാടിൽ നിന്ന് റബർ മരങ്ങളിലേക്ക് തീ പടർന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. വെട്ടിക്കൊണ്ടിരുന്ന റബർ മരങ്ങളാണ് അഗ്നിക്കിരയായത്. കൊട്ടാരക്കര, കുന്നിക്കോട് പുനലൂർ സ്റ്റേഷനുകളിൽ നിന്ന് മൂന്നു ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രിച്ചത്. നാട്ടുകാർ കൊട്ടാരക്കര ഫയർ സ്റ്റേഷനിൽ വിവരം വിളിച്ചറിയിച്ചപ്പോൾ അവിടെയുണ്ടായിരുന്ന രണ്ടു യൂണിറ്റും താഴത്തു കുളക്കടയിലെ വാഴത്തോട്ടത്തിലുണ്ടായ തീപിടിത്തം അണക്കാൻ പോയിരുന്നു. തുടർന്നാണ് പുനലൂർ നിന്നും കുന്നിക്കോടു നിന്നും യൂണിറ്റുകൾ വരുത്തിയത്. താഴത്തു കുളക്കടയിലെ
പ്രദീപ്കുമാർ, ഇന്ദിര എന്നിവരുടെ മൂന്നേക്കറോളം വാഴത്തോട്ടമാണ് കത്തി നശിച്ചത്. സമീപത്തു കൂട്ടിയിട്ടിരുന്ന ചപ്പു ചവറുകൾ കത്തിക്കുന്നതിനിടയിലാണ് തീ സമീപത്തെ വാഴത്തോട്ടത്തിലേക്ക് പടർന്നു പിടിച്ചത്.അതും ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു. ഈ സമയം പുലമൺ ജൂബിലി മന്ദിരത്തിന് സമീപവും തീപിടിത്തമുണ്ടായി. ഓടിക്കൂടിയ നാട്ടുകാർ പണിപ്പെട്ട് തീ കെടുത്തിയതിനാൽ വലിയ ദുരന്തം ഉണ്ടായില്ല.