കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിൽ താൻ നടത്തിയ പ്രസംഗത്തിന്റെ പേരിൽ എൽ.ഡി.എഫ്, ഡി.വൈ.എഫ്.ഐ നേതാക്കൾ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻ.കെ.പ്രേമചന്ദ്രൻ എം.പി ഡി.ജി.പിക്ക് പരാതി നൽകി.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ ആത്മാർത്ഥതക്കുറവ് സംബന്ധിച്ച് മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണം വളച്ചൊടിച്ചും പ്രതികരണത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്തും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിൽ സാമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. ജനങ്ങളെ വർഗീയമായും വിദ്വേഷപരമായും സംഘടിപ്പിക്കുന്നതിനും ലഹള ഉണ്ടാക്കുന്നതിനുമുള്ള ഗൂഢാലോചന ഈ കുപ്രചരണത്തിന് പിന്നിലുണ്ട്. പ്രസംഗത്തിന്റെ വസ്തുതയ്ക്കും അന്തസത്തയ്ക്കും വിരുദ്ധമായി തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്ററുകളും വീഡിയോകളും ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ സമാധാനാന്തരീക്ഷം തകർക്കുകയെന്ന ദുരുദ്ദേശത്തോടെയാണെന്നും പരാതിയിൽ പറയുന്നു.