കുന്നത്തൂർ : ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ നേതൃത്വം നൽകുന്ന ആർ.എസ്.പി (ലെനിനിസ്റ്റ്) പാർട്ടിയിൽ കൂട്ടരാജി. രാജിവച്ച നേതാക്കളും പ്രവർത്തകരും ഔദ്യോദിക ആർ.എസ്.പിയിൽ ചേർന്നു. ആർ.എസ്.പി സംസ്ഥാന പ്രസിഡന്റ് ഷിബു ബേബി ജോണുമായി ചർച്ച നടത്തിയ ശേഷമാണ് ഇവർ തീരുമാനമെടുത്തത്. ആർ.എസ്.പി (എൽ) മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ബി.രഘുനാഥൻ പിള്ള,ജില്ലാ കമ്മിറ്റിയംഗം കെ.പുഷ്പരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടിവിട്ടത്. പിണറായി സർക്കാരിന് രണ്ടാം തവണയും പിന്തുണ നൽകിയിട്ടും പാർട്ടിക്ക് അർഹതപ്പെട്ടത് നേടിയെടുക്കാൻ കഴിയാത്തത് കോവൂർ കുഞ്ഞുമോന്റെ കഴിവുകേടാണെന്നും ഇത്തരം സംഭവങ്ങൾ പാർട്ടി വേദികളിൽ ഉന്നയിക്കുമ്പോൾ വിമർശനങ്ങൾക്ക് മറുപടി പോലും പറയാതെ മൈക്ക് ഓഫാക്കി ശത്രുതാ മനോഭാവത്തോടെ ഇറങ്ങി പോകുന്ന എം.എൽ.എയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും രാജിവച്ചവർ ആരോപിക്കുന്നു. അടുത്തിടെ പാർലമെന്റ് സീറ്റ് കിട്ടാത്തതിനെ തുടർന്ന് കുഞ്ഞുമോന്റെ 'ബ്രോയിലർ പാർട്ടി ' പോലെയല്ല ഞങ്ങളുടെ പാർട്ടിയെന്ന ആർ.ജെ.ഡി സംസ്ഥാന നേതാവിന്റെ പരിഹാസത്തിന് മറുപടി പറയാൻ പോലും കുഞ്ഞുമോൻ തയ്യാറാകാതിരുന്നത് എന്തു കൊണ്ടാണെന്നും ഇവർ ചോദിക്കുന്നു. അതിനിടെ തിരഞ്ഞെടുപ്പിന് മുൻപായി ശേഷിക്കുന്ന ആർ.എസ്.പി(ലെനിനിസ്റ്റ്) സംസ്ഥാന നേതാക്കളും രാജിവച്ച് ഔദ്യോഗിക ആർ.എസ്.പിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് സൂചനയുണ്ട്.