
കൊല്ലം: ജില്ലയിലെ മൂന്ന് ബീച്ചുകളിലൊന്നിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം, വർക്കലയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കരുതലോടെയായി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. തങ്കശേരി, കൊല്ലം ബീച്ച്, തിരുമുല്ലവാരം എന്നിവിടങ്ങളിൽ ഒരിടത്താണ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കാൻ ടെണ്ടർ പുരോഗമിക്കുന്നത്.
വർക്കലയിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരികൾ തകർന്ന് 15 പേർ കടലിൽ വീണതാണ് പുനർചിന്തനത്തിന് വഴിയൊരുക്കിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചേ നിർമ്മാണം നടത്തുകയുള്ളുവെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അധികൃതർ വ്യക്തമാക്കി.
തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസത്തിന്റെ ഉദ്ഘാടന വേളയിൽ മന്ത്രി മുഹമ്മദ് റിയാസാണ് തങ്കശേരിയിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇതിനാവശ്യമായ തിരമാല ഇല്ലാത്തതിനാൽ പകരം കൊല്ലം ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നതാകും ഉചിതമെന്ന് ടെണ്ടർ ഏറ്റെടുത്ത മലപ്പുറത്തുള്ള തൂവൽതീരം അമ്യൂസ്‌മെന്റ് പ്രൈപറ്റ് ലിമിറ്റഡ് കമ്പനി നിർദ്ദേശം മുന്നോട്ടുവച്ചു.
ഈ നിർദ്ദേശത്തിന്മേലുള്ള അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ടെണ്ടർ നടപടികൾ പൂർത്തിയാക്കുക.
ബീച്ച് അനുകൂലമെന്ന് റിപ്പോർട്ട്
കൊല്ലം ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ റിപ്പോർട്ട് അനുകൂലം
എങ്കിലും ബീച്ചിലെ ആഴക്കൂടുതലും അപകട സാദ്ധ്യതയും കണക്കിലെടുക്കും
ഹാർബർ എൻജിനിയറിംഗ്, മേജർ ഇറിഗേഷൻ വിഭാഗങ്ങളുടെ അഭിപ്രായം കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം
തിരുമുല്ലവാരം ബീച്ച് സുരക്ഷിതമാണെങ്കിലും സ്ഥല പരിമിതി വെല്ലുവിളി
ഫ്ളോട്ടിംഗ് ബ്രിഡ്ജ്
ബീച്ച് ടൂറിസത്തിൽ സാഹസിക സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. കടലിൽ തീരത്തോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ നടന്ന് കടൽത്തിര നേരിട്ട് അനുഭവിക്കാം. സാഹസികത ഇഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വാദ്യകരം.
കണ്ണൂർ, ബേപ്പൂർ എന്നിവിടങ്ങളിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ച് നടത്തുന്ന കമ്പനിയാണ് ടെണ്ടർ എറ്റെടുത്തിരിക്കുന്നത്.
ടൂറിസം പ്രൊമോഷൻ കൗൺസിൽ അധികൃതർ