കൊല്ലം: ഉദയമാർത്താണ്ഡപുരം ഡിവിഷനിലെ മുണ്ടയ്ക്കൽ തുമ്പറയിൽ പുതിയ മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. നിലവിലെ മാർക്കറ്റിന് എതിർവശത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിന് പിന്നിൽ കോർപ്പറേഷന്റെ 16 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മാർക്കറ്റ്.
75 ലക്ഷമാണ് ആകെ ചെലവ്. നിർമ്മാണത്തിന്റെ ആദ്യഘട്ടമായി സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റി. നിലവിലെ മാർക്കറ്റിൽ പ്രവർത്തിക്കുന്ന മത്സ്യം, പച്ചക്കറി, ഇറച്ചി സ്‌റ്റാളുകൾ പുതിയ മാർക്കറ്റിലേക്ക് മാറ്റും. ഇപ്പോൾ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്ത് രണ്ടുനിലകളിലായി പത്ത് മുറികളോടെ അത്യാധുനിക രീതിയിലുള്ള വാണിജ്യ സമുച്ചയം നിർമ്മിക്കും.ഇതിന് 2 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോർപ്പറേഷനാണ് നിർമ്മാണച്ചുമതല.1984 ൽ ആണ്നിലവിലെ മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്.
ഏറെയുണ്ട് സൗകര്യങ്ങൾ
തട്ടുകളും ഷട്ടർ സൗകര്യവുമുള്ള സ്‌റ്റാളുകളാണ് തുമ്പറയിൽ ഒരുങ്ങുന്നത്. മത്സ്യ വില്പനക്കാരുടെ പാത്രങ്ങളും മറ്റും വൃത്തിയുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കാനായി അടച്ചുറപ്പുള്ള മുറിയും സജ്ജമാക്കും.സ്‌ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ടോയ്‌ലെറ്റ് ബ്‌ളോക്ക്, കുടിവെള്ള സൗകര്യം, മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പ്ലാന്റ് എന്നിവയും മാർക്കറ്റിനെ സ്മാർട്ടാക്കും. ഇറച്ചി വ്യാപാരത്തിന് ഭക്ഷ്യ സുരക്ഷ മുൻനിറുത്തിയുള്ള സൗകര്യങ്ങളും പുതിയ മാർക്കറ്റിൽ ഒരുക്കും. നിലവിലുള്ള മാർക്കറ്റിൽ കച്ചവടം ചെയ്യുന്നവർക്ക് പുതിയ മാർക്കറ്റിൽ മുൻഗണന നൽകും. പൊതുവായുള്ള വ്യാപാരത്തിന് 16 ഇടങ്ങൾ മാർക്കറ്റിലുണ്ടാവും.
മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഏഴുമാസത്തിനുള്ളിൽ പൂർത്തിയാക്കി കച്ചവടക്കാർക്കായി തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നത്. കിണറുണ്ടാവും. റൂഫ് സെറാമിക് ഷീറ്റ് ഉപയോഗിച്ചാവും നിർമ്മിക്കുക. പഴയ മാർക്കറ്റ് പൊളിച്ച് അവിടെ വ്യാപാരസമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങും
സജീവ് സോമൻ,
ചെയർമാൻ, മരാമത്ത് കാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി