muraleedharan

കൊല്ലം: കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ ലക്ഷ്യം പണമല്ല, കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിനോട് യാചിച്ച് കിട്ടുന്ന പണം കൊണ്ടാണ് സംസ്ഥാനത്തെ കാര്യങ്ങൾ ഇപ്പോൾ നടത്തുന്നത്. ഇത് ഭിക്ഷയാചിക്കുന്നതിന് തുല്യമാണ്. കേന്ദ്ര സർക്കാർ നൽകാമെന്ന് അറിയിച്ച 5000 കോടി സ്വീകരിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മകൻ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീര് കാണണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്. അഴിമതിയും ധൂർത്തും മിസ് മാനേജ്മെന്റും കാരണം കേരള ഖജനാവ് എത്തിനിൽക്കുന്ന ദുരവസ്ഥ സുപ്രീം കോടതിക്ക് മനസിലായി. പത്ത് ദിവസത്തേക്കുള്ള പണം പോലും കേരളത്തിന്റ ഖജനാവിലില്ലെന്ന് കോടതി പറഞ്ഞപ്പോഴാണ് കേന്ദ്ര സർക്കാർ അയ്യായിരം കോടി കൊടുക്കാമെന്ന് പറഞ്ഞത്. പിണറായി സർക്കാരിന്റെ കൊള്ളരുതായ്മയുടെ ദുരിതം കേരളത്തിലെ ജനങ്ങൾ അനുഭവിക്കേണ്ടി വരരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. അതുകൊണ്ടാണ് പണം നൽകാൻ തയ്യാറായത്.

കേരളത്തിനുള്ള സഹായം അയ്യായിരം കോടിയായി നിജപ്പെടുത്തിയതിന്റെ കാരണം കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ അക്കാര്യങ്ങൾ പുറത്തുവിടരുതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. അതിലെ വസ്തുതകൾ വന്നാൽ ജനങ്ങൾ പിണറായി സർക്കാരിനെ അടിച്ച് പുറത്താക്കും. കോടതി രക്ഷാപാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കേരളത്തോട് ഔദാര്യം കാണിക്കണമെന്നാണ് പറഞ്ഞത്. കേരളത്തെ ഒരു തരത്തിലും ബാധിക്കാത്ത പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സ്പർദ്ധയുണ്ടാക്കി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഇടതുപാർട്ടികളും കോൺഗ്രസും അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറും ഒപ്പമുണ്ടായിരുന്നു.