photo

കൊല്ലം: പുരയിടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പാറ പൊട്ടിച്ചതിന് ജിയോളജി വകുപ്പിന്റെ പിഴ, ജിയോളജിസ്റ്റിനെ കാത്ത് മൂന്നുദിവസം ഓഫീസിൽ കയറിയിറങ്ങിയപ്പോൾ പിഴ ഇരട്ടിയായി. കൊട്ടാരക്കര കിഴക്കേത്തെരുവ് എഴിപ്പുരയിൽ വീട്ടിൽ അനിത സാജനാണ് ദുരനുഭവം നേരിട്ടത്.

മൈലം വില്ലേജിലെ ഇരുപത് സെന്റ് ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുന്നോടിയായാണ് പാറ പൊട്ടിക്കാൻ അനിത സാജനും ഭർത്താവ് സാജൻ.കെ.ജോയിയും തീരുമാനിച്ചത്. പതിനഞ്ച് ലോഡിൽ കൂടുതൽ പാറയുള്ളതിനാൽ പൊട്ടിച്ച പാറ ഇവിടെ നിന്ന് മാറ്റേണ്ടതായി വന്നു. ഇത് പ്രകാരമാണ് കൊല്ലം മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽ അപേക്ഷ നൽകിയത്.

ഫെബ്രുവരി 24ന് രാവിലെ 11.30ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ പാറ പൊട്ടിക്കുന്നതിന് കുഴിയടിക്കുന്ന ജാക് ഹാമർ ഉൾപ്പടെയുള്ളവ പിടിച്ചെടുത്തു. ജാക് ഹാമറിന് 50000 രൂപയും പാറ പൊട്ടിച്ചതിന് 61840 രൂപയുമാണ് പിഴ ചുമത്തി നോട്ടീസ് നൽകിയത്. സ്റ്റോപ്പ് മെമ്മോയും നൽകി.

പിഴ അടയ്ക്കാതെ പൊട്ടിച്ച പാറ നീക്കം ചെയ്യരുതെന്ന ഉത്തരവ് ലഭിച്ചതിനാൽ അനിത സാജൻ തുകയുമായി ജിയോളജി ഓഫീസിലെത്തി. മൂന്ന് ദിവസവും ജിയോളജിസ്റ്റ് ഇല്ലാത്തതിനാൽ തുക അടയ്ക്കാനായില്ല.

ജിയോളജിസ്റ്റിനെ ഫോണിൽ വിളിച്ചപ്പോൾ നേരിട്ട് കണ്ടശേഷം തുക അടച്ചാൽ മതിയെന്ന് നിർദ്ദേശിച്ചു. കഴിഞ്ഞ 11ന് ജിയോളജി ഓഫീസിൽ നിന്ന് താൻ ഹാജരായ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് രേഖപ്പെടുത്തി വാങ്ങിച്ചതോടെ കൂടുതൽ പ്രതികാര നടപടിയിലേയ്ക്ക് നീങ്ങി.

അടുത്ത ദിവസം ജില്ലാ ജിയോളജിസ്റ്റ് ബദറുദ്ദീൻ നേരിൽ കാണുകയും ഉത്തരവ് പേപ്പർ തിരികെ വാങ്ങി കൂട്ടിച്ചേർക്കലുകൾ നടത്തി തുക 1,54,600 ആയി വർദ്ധിപ്പിച്ചു. മറ്റൊരു കാരണവുമില്ലാതെ തുക വർദ്ധിപ്പിച്ചതോടെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് അനിത സാജൻ.

ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർക്കും വകുപ്പ് മന്ത്രിക്കും പരാതികൾ നൽകി.

അനിത സാജൻ