
കൊല്ലം: ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി പോയ 108 ആംബുലൻസ് നിയന്ത്രണം വിട്ട് ബിരിയാണിക്കട തകർത്തശേഷം മരത്തിലിടിച്ച് നിന്നു. ആളപായമില്ല. രോഗിക്ക് മറ്റ് പരിക്കുകളില്ല. ഇന്നലെ വൈകിട്ട് 3.30ന് ശാസ്ത്രി ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.
സമീപത്തെ ചായക്കടയിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. മരത്തിന് ചുവട്ടിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് ഇരുചക്രവാഹനങ്ങൾക്ക് കേടുപാടുകൾ പറ്റി. കുണ്ടറ താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയുമായി വരുമ്പോഴായിരുന്നു അപകടം.
ശാസ്ത്രി ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിലെത്തിയപ്പോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് റോഡിലേക്കിറങ്ങിയ ഓട്ടോറിക്ഷ ആംബുലൻസിന് മുന്നിൽപ്പെടുകയായിരുന്നു.
ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ആംബുലൻസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. കടയ്ക്ക് മുന്നിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്നയാൾ ആംബുലൻസ് വരുന്നത് കണ്ട് ഓടിമാറി.
കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി സമീപത്തെ ആശുപത്രിയിൽ നിന്ന് ആംബുലൻസ് എത്തിച്ചാണ് രോഗിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലൻസിന്റെ മുൻവശം ഭാഗികമായി തകർന്നു. ഈസ്റ്റ് പൊലീസ് കേസെടുത്തു.