കൊല്ലം: പൊലീസ് വാഹനങ്ങൾക്കും മറ്റ് സർക്കാർ വാഹനങ്ങൾക്കുമുള്ള ഇന്ധന വിതരണം ഏപ്രിൽ 1 മുതൽ പൂർണമായി നിറുത്തിവയ്ക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് (എ.കെ.എഫ്.പി.ടി). ഇത് സംബന്ധിച്ച് ജനുവരി 1ന് ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് ആറ് മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നതിൽ നാല് മാസത്തെ കുടിശ്ശിക പമ്പുകൾക്ക് നൽകിയിരുന്നു. എന്നാൽ വീണ്ടും ആറുമാസത്തെ കുടിശ്ശിക കിട്ടാനുണ്ട്. നാല് ലക്ഷം മുതൽ 25 ലക്ഷം വരെ കിട്ടാനുള്ള പമ്പുകളുണ്ട്. കഴിഞ്ഞ എഴ് വർഷമായി ഡീലർമാർജിൻ വർദ്ധിപ്പക്കാത്തതും ഉയർന്ന ബാങ്ക് പലിശയും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂടാതെ യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള പുതിയ പമ്പുകളുടെ വരവും മറ്റ് സംസ്ഥാനങ്ങളിലെ നികുതി വിത്യാസം മൂലമുള്ള വിലക്കുറവും ബിസിനസിനെ സാരമായി ബാധിച്ചു. മാർച്ച് 31ന് മുഴുവൻ കുടിശ്ശികയും തീർക്കാത്ത പക്ഷം പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ, മറ്റ് സർക്കാർ കരാറുകാർ എന്നിവർക്കുള്ള ഇന്ധന വിതരണം പൂർണമായി നിറുത്തിവയ്ക്കുമെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷറഫ്, ട്രഷറർ ബി.മൂസ, വൈസ് പ്രസിഡന്റ് മൈതാനം വിജയൻ, ഷംസദ്ദീൻ, ശ്രീരാജ്, സുനിൽ എബ്രഹാം എന്നിവർ അറിയിച്ചു.