കൊല്ലം: കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി മാലിദ്വീപിൽപ്പെട്ട ബോട്ടും മത്സ്യത്തൊഴിലാളികളെയും ഉടൻ നാട്ടിലെത്തിക്കാൻ പരമാവധി സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും മോചനം ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി നൽകിയ കത്തിന് മറുപടിയായി മാലിദ്വീപ് ഇന്ത്യൻ ഹൈകമ്മിഷണർ മുനു മഹാവറാണ് വിവരം അറിയിച്ചത്.

മാലിദ്വീപ് ഫിഷറീസ് വകുപ്പിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികളെയും ബോട്ടും മോചിപ്പിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത് മിഷൻ തുടരുകയാണെന്നും മാലിദ്വീപ് ഇന്ത്യൻ ഹൈകമ്മിഷണർ എം.പിയെ അറിയിച്ചു.

കാവനാട് സ്വദേശി ബിനു ആന്റണിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ നീണ്ടകര ഹാർബറിൽ നിന്ന് ഫെബ്രുവരി 21 നാണ് 12 പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘം മത്സ്യബന്ധനത്തിന് പോയത്. ബംഗാൾ സ്വദേശികളായ 6 പേരും തമിഴ്നാട് സ്വദേശികളായ 5 പേരും മലയാളിയാ ഒരാളുമാണ് സംഘത്തിലുള്ളത്.