കൊല്ലം:കുന്നത്തൂരിൽ നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികളുടെയടക്കം പരിഭവവും പരാതിയും കേട്ട് മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്. കൂലി കിട്ടാൻ വൈകുന്നതും തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്നതുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പനന്തോപ്പിലെ തൊഴിലുറപ്പുകാർ പങ്കുവച്ചു. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കൂലിയും തൊഴിൽ ദിനങ്ങളും വർദ്ധിപ്പിക്കുമെന്നും പെൻഷൻ ഉൾപ്പെടെ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. പവിത്രേശ്വരം പഞ്ചായത്തിൽ പ്രായമായ ഒരമ്മയ്ക്ക് മാസങ്ങളായി കിട്ടാനുള്ള പെൻഷനെക്കുറിച്ചായിരുന്നു പരാതി. കരിമ്പൻപുഴയിലെ കശുഅണ്ടി ഫാക്ടറി തൊഴിലാളികളും സങ്കടക്കഥകളാണ് പങ്കുവച്ചത്.വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോടും വഴിയാത്രക്കാരോടും വോട്ട് അഭ്യർത്ഥിച്ചു.
ഏഴാം മൈലിൽ നിന്നാരംഭിച്ച റോഡ് ഷോ ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ അദ്ധ്യക്ഷനായി. എം.വി.ശിവകുമാർ, തോപ്പിൽ ജമാലുദ്ദീൻ, പ്രകാശ് മൈനാഗപ്പള്ളി, ഇടവനശേരി സുരേന്ദ്രൻ, ഉല്ലാസ് കോവൂർ എന്നിവർ സംസാരിച്ചു.ഇന്ദിരാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു റോഡ് ഷോ.പടിഞ്ഞാറേ കല്ലട, മൺട്രോത്തുരുത്ത്, ശാസ്താംകോട്ട, പോരുവഴി,ശൂരനാട് തെക്ക്, വടക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ വിവിധ വിവിധ കേന്ദ്രങ്ങളിലൂടെ റോഡ് ഷോ കടന്നുപോയി. ഇതിനിടെ എം.പി ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.