പന്മന: 700 മീറ്റർ മാത്രം ദൈർഘ്യമുള്ള കുരീത്തറ ജംഗ്‌ഷൻ - മല്ലേതൈയ്‌ക്കാവ് റോഡ് നിർമ്മിച്ച് 15 വർഷം പിന്നിടുമ്പോഴും നവീകരണമെന്തെന്ന് അറിഞ്ഞിട്ടില്ല. പന്മന പഞ്ചായത്തിലെ മാവേലി വാർഡിന്റെയും മനയിൽ വാർഡിന്റെയും മദ്ധ്യഭാഗത്ത് കൂടിയുള്ള റോഡാണ് സഞ്ചാര യോഗ്യമല്ലാതായിട്ട് വർഷങ്ങളാകുന്നത്. പന്മന മനയിൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. പഞ്ചായത്ത് പല തവണ ഫണ്ട് വകയിരുത്തിയെങ്കിലും അപര്യാപ്‌തത മൂലം പണി മാറ്റി വെക്കുകയായിരുന്നു.
എട്ട് ,ഒമ്പത് വാർഡുകൾക്ക് മദ്ധ്യഭാഗത്ത് കൂടിയുള്ള റോഡായതിനാൽ ഇരു മെമ്പർമാരും റോഡിനെ അവഗണിക്കുന്നു എന്നാണ് ജനസംസാരം. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണം.
എസ്. സജീവ്
കേരള കൗമുദി
പന്മന ഏജന്റ്
രണ്ട് വാർഡുകളിൽ ഉൾപ്പെടുന്നതാണ് ഈ റോഡിന്റെ കഷ്‌ടകാലം. ഇരു വാർഡുകളിലെയും മറ്റ് റോഡുകളുടെ നില മെച്ചപ്പെട്ടപ്പോഴും ഈ റോഡ് മാത്രം ദുരിതത്തിലാണ്.
ആർ.സുരേന്ദ്രൻ
പ്രസിഡന്റ്
എസ്.എൻ.ഡി. പി യോഗം പന്മന.
5386 ാം നമ്പർ ശാഖ
ഡോ.സുജിത് വിജയൻ പിള്ള എം.എൽ .എയുടെ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് കരാറുകാരനുമായി എഗ്രിമെന്റ് ഉണ്ടാക്കിയെങ്കിലും അദ്ദേഹം ഇനിയും പണി തുടങ്ങിയിട്ടില്ല. പഞ്ചായത്ത് ഫണ്ട് മാത്രമുപയോഗിച്ച് ഉന്നത ഗുണനിലവാരത്തിൽ റോഡ് നവീകരിക്കാൻ കഴിയാത്തതിനാലാണ് എം. എൽ.എ ഫണ്ടിനെ ആശ്രയിച്ചത്.
ഹൻസിയ
എട്ടാം വാർഡ് മെമ്പർ
15 ലക്ഷത്തിന് കരാർ ഉറപ്പിച്ചെങ്കിലും തുക അപര്യാപ്‌തമാണെന്ന അപേക്ഷയുമായി കരാറുകാരൻ എം. എൽ.എയെ സമീപിച്ചിരിക്കുകയാണ്. ആവശ്യം സർക്കാർ തലത്തിൽ പരിഗണിക്കുമെന്നാണ് എം.എൽ.എ പറയുന്നത്.
അഡ്വ.ഇ.യൂസഫ് കുഞ്ഞ്
മുൻ പഞ്ചായത്ത് പ്രസിഡന്റ്
ഒമ്പതാം വാർഡ് മെമ്പർ