bypass
സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്ത ഒറ്റക്കൽ ജംഗ്ഷൻ


അഞ്ചാലുംമൂട്: ബൈപ്പാസ് ആറ് വരിയാക്കുന്നതിന്റെ ഭാഗമായി പാലത്തി​ന് പില്ലർ നിർമ്മിച്ചതോടെ, ഒറ്റക്കൽ ജംഗഷ്‌നിൽ സിഗ്നലുകൾ പ്രവർത്തിക്കാത്തത് ഗതാഗതക്കുരുക്കും അപകട സാദ്ധ്യതയും വർദ്ധിപ്പി​ക്കുന്നു.

ബൈപ്പാസിലെ അപകട സാദ്ധ്യതയേറിയ മേഖലകളിലൊന്നാണ് ഒറ്റക്കൽ ജംഗ്ഷൻ. നാല് സിഗ്നലുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. ഇടക്കാലത്ത് രാത്രിയിൽ സിഗ്നലുകൾ പൊടുന്നനെ ഓഫാകുമായി​രുന്നു. ഇത് അപകടങ്ങൾ ഉണ്ടാക്കി​യതി​നാൽ പൊലീസ് ഇടപെട്ട് സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം 24 മണിക്കൂറാക്കി. രണ്ട് ദിവസം മുൻപാണ് ഇവ പ്രവർത്തിക്കാതായത്. ഇതി​നാൽ നാല് ദിശയിൽ നിന്നും വാഹനങ്ങൾ ബൈപ്പാസിലേക്കെത്തുകയും കൂട്ടി ഇടിക്കുകയും പതി​വായി​രുന്നു.

ആദ്യ രണ്ട് ദിവസങ്ങളിൽ നിർമ്മാണ കമ്പനിയിലെ തൊഴിലാളികൾ ഗതാഗതം നിയന്ത്രിച്ചെങ്കിലും പിന്നീട് അവരെ കണ്ടി​ല്ല. രാവിലെയും വൈകിട്ടും രാത്രിയിലുമാണ് ഒറ്റക്കൽ ജംഗ്ഷനിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. കല്ലുംതാഴത്ത് നിന്ന് കാവനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കാവനാട് നിന്ന് മേവറത്തേക്ക് പോകുന്ന വാഹനങ്ങളും അമിതവേഗത്തിലാണ് ഒറ്റക്കൽ ഭാഗത്തേക്ക് എത്തുന്നത്. ഈ സമയം അഞ്ചാലുംമൂട് നിന്ന് കൊല്ലത്തേക്കുള്ളതും കൊല്ലത്ത് നിന്ന് കുണ്ടറ, അഷ്ടമുടി, പെരുമൺ, പ്രാക്കുളം എന്നിവിടങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഒറ്റക്കൽ സിഗ്നൽ ജംഗ്ഷനിലെത്തും. ഈ വാഹനങ്ങൾ തമ്മിൽ പലപ്പോഴും കൂട്ടിയിടിക്കുന്ന അവസ്ഥയുണ്ടാവും.

രാത്രി​യി​ൽ ഒരു രക്ഷയുമി​ല്ല!

ജീവൻ പണയം വച്ചാണ് കാൽനട യാത്രി​കർ മറുവശത്ത് എത്തുന്നത്. മതിയായ വെളിച്ചമില്ലാത്തതിനാൽ രാത്രി​യി​ൽ വലി​യ ബുദ്ധി​മുട്ടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ചാലുംമൂട്ടിൽ നിന്ന് വന്ന ബൈക്കും കാവനാട് ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ കാറും കൂട്ടി​യി​ടി​ച്ചെങ്കി​ലും ആർക്കും പരിക്കുണ്ടായി​ല്ല. സ്‌കൂൾ ബസുകൾ ഒറ്റക്കൽ ജംഗ്ഷനിൽ കൂടി സഞ്ചരിക്കേണ്ടി വരുന്നത് രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡിവിഷൻ കൗൺസിലറും പൊലീസും ഉൾപ്പെടെ ഇടപെട്ടി​ട്ടും നിർമ്മാണ കമ്പനി അധികൃതർ ആവശ്യം പരി​ഗണി​ക്കുന്നി​ല്ല.